Sunday 30 June 2019

അസറ്റ് ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം - അപകടാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം

അസറ്റ് ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം - അപകടാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം


സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അസ്സറ്റ്‌ ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം. ഏറ്റവും പുറകില്‍ ശ്രീ എം.റ്റി. പുന്നൂസിന്റെ വീട്.



അപകടാവസ്ഥയെ തുടര്‍ന്ന് ആളൊഴിഞ്ഞു പോയ വീടുകള്‍  (മുകളിലും താഴെയും)




ശ്രീ പുന്നൂസിന്‍റെ വീട്ടില്‍ നിന്നും എടുത്ത ചിത്രം.. ഒട്ടും സെറ്റ്ബാക്ക് ഒട്ടും ഇടാതെ അതിര് ചേര്‍ത്ത്  ആഴത്തില്‍ മണ്ണെടുത്തത് ഇവിടെ ആണ്. സംരക്ഷണ ഭിത്തി എന്ന പേരില്‍ ഇവിടെ അനധികൃതമായി നിര്‍മ്മിക്കുന്നത് അസറ്റ് ഹോംസിന്റെ സെല്ലാര്‍ ഫ്ലോറിന്റെ ഭിത്തിയാണ്. ഇതിനും ബലക്ഷയം ഉണ്ട്. 

 ശ്രീ പുന്നൂസിന്‍റെ വീട്ടില്‍ നിന്നും എടുത്ത മറ്റൊരു  ചിത്രം

പുന്നൂസിന്റെ മതില്‍ ഇടിഞ്ഞ നിലയില്‍




ഖനനം നടത്തി പ്ലോട്ടില്‍ കൂട്ടി ഇട്ടിരിക്കുന്ന മണ്ണ്. ഈ മണ്ണ് പാസില്ലാതെ പുറത്തേക്കു കടത്താന്‍ ശ്രമിച്ചതാണ് നാട്ടുകാര്‍ തടഞ്ഞത്.. പുറകില്‍ ശ്രീ എം.പി. ജോസഫിന്റെ വീടും പാതി കെട്ടിയ സംരക്ഷണ ഭിത്തിയും

Saturday 29 June 2019

വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍


1.  മറുനാടന്‍ മലയാളി.


കൂറ്റൻ മെഷീനുകൾ ഉപയോഗിച്ച് ഒറ്റരാത്രി കൊണ്ട് ഉയർത്തിയത് ഒമ്പത് പൈലുകൾ; 120 അടി ഉയരമുള്ള കുന്നിൽ നിന്ന് മണ്ണിടിഞ്ഞതോടെ രണ്ടു വീടുകളുടെ അടിത്തറയിളകി; കനത്ത മഴ പെയ്താൽ പുത്തനങ്ങാടി കുന്ന് ഇടിഞ്ഞു വീഴുമെന്ന ഭീതിയിൽ നാട്ടുകാർ; പത്തു നിലകളിലുള്ള മൂന്നു ഫ്‌ളാറ്റ് സമുച്ചയങ്ങൾക്കായുള്ള നിയമ വിരുദ്ധ നിർമ്മാണം തിരിച്ചറിഞ്ഞ് കോടതിയുടെ സ്റ്റോപ്പ് മെമോയും; അസറ്റ് ഹോംസിന്റെ പ്രകൃതി വിരുദ്ധ നിർമ്മാണം കോട്ടയത്തെ കൊച്ചു ഗ്രാമത്തിന് നൽകുന്നത് ഉറക്കമില്ലാ രാത്രികൾ.................

പൂര്‍ണ വായനയ്ക്ക് .....
https://www.marunadanmalayali.com/news/special-report/asset-homes-149236?fbclid=IwAR0Ed_xo-89sL3d_Pxsw06ShjiCK9Ci5rKh6pWbiURlik_DBFJs92PH_buU



2.  News Moments

എം.റ്റി പുന്നൂസ് എന്ന പ്രവാസിയുടെ ആകെ സമ്പാദ്യമാണ് രണ്ടുനില വീട് ഫൗണ്ടേഷന് ഇളകുന്ന രീതിയിലാണ് അസറ്റിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നത്. നഗരസഭ സ്റ്റോപ്പ് മെമ്മോകൾ വെറും കടലാസുകൾ മാത്രമാണ്.. ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ലീഗൽ നോട്ടീസ് ഉൾപ്പെടെയുള്ള നിയമാനുസൃതവും അല്ലാത്തതുമായി ഭീഷണികൾ നിലനിൽക്കുന്നുണ്ട്...

പൂര്‍ണ വായനയ്ക്ക് ....
http://newsmoments.in/uncategorized/illegal-construction-controversy-puthanangadi-asset-homes-flat-life-in-danger/104391.html

3. The Cue
എഴ് വീടുകള്‍ അപകടാവസ്ഥയിലാക്കി അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം ; ‘സ്റ്റോപ് മെമ്മോകള്‍ക്ക് പുല്ലുവില’.
പൂര്‍ണ വായനയ്ക്ക് ....

റസിഡന്‍ഷ്യല്‍ സോണില്‍ അസറ്റ് ഹോംസ് നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ ബില്‍ഡിംഗ് നഗരസഭ പെര്‍മിറ്റ്‌ നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി.


ടൌണ്‍ പ്ലാനിംഗ് ആക്ടിന് വിരുദ്ധമായി റസിഡന്‍ഷ്യല്‍ സോണില്‍ അസറ്റ്  ഹോംസ് നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ ബില്‍ഡിംഗിന്  നഗരസഭ  പെര്‍മിറ്റ്‌  നല്‍കിയതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇന്ന് കോട്ടയം ജില്ലാ ടൌണ്‍ പ്ലാനര്‍ക്കും നഗരസഭയിലും ഞാന്‍ പരാതി നല്‍കി.


പൊതുജനങ്ങളുടെ അറിവിലേക്ക് കുറച്ച് കാര്യങ്ങള്‍ ആമുഖമായി പറയാം. നഗരസഭകളില്‍ വില്ലേജുകളിലെ ബ്ലോക്കുകളെ ടൌണ്‍ പ്ലാനിംഗ് ആക്റ്റ് പ്രകാരം റസിഡന്‍ഷ്യല്‍, കമേഴ്സ്യല്‍, ഇന്‍ഡസ്ട്രിയല്‍, ഹോസ്പിറ്റല്‍, മിക്സഡ്‌ തുടങ്ങിയ വിവിധ സോണുകളായി തിരിച്ചിട്ടുണ്ട്. ഇവയെ ടൌണ്‍ ബ്ലോക്ക്‌ എന്ന് പറയാം. ഇവിടെ അതാത് മേഖലകളില്‍ ആരംഭിക്കാന്‍ അനുവാദം ഉള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ  പെര്‍മിറ്റ്‌ നല്കാന്‍ പാടുള്ളൂ. ചില മേഖലകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രം മറ്റ് കെട്ടിടങ്ങള്‍ പണിയാന്‍ അനുവാദം ലഭിക്കാം. റസിഡന്‍ഷ്യല്‍ സോണില്‍, താമസക്കാരുടെ തന്നെ ഓഫീസ്, 100 Sq.M വരെയുള്ള കമേഴ്സ്യല്‍ കെട്ടിടങ്ങള്‍ മുതലായവ അനുവദിക്കുന്നതാണ്. എന്നാല്‍ കെട്ടിടം നിര്‍മിച്ച ശേഷം ടി മേഖലയില്‍ നിഷ്കര്‍ഷിക്കാത്ത മറ്റൊരു ഉപയോഗത്തിലേക്ക് ആയത് മാറ്റാന്‍ സാധിക്കില്ല. ജില്ലാ ടൌണ്‍ പ്ലാനറുടെ ഓഫീസില്‍ എല്ലാ ബുധനാഴ്ചകളിലും ഹെല്പ്ഡസ്ക് ഉണ്ട്. അന്ന്, അവിടെ ചെന്നാല്‍ ഉദ്യോഗസ്ഥര്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരും.

റസിഡന്‍ഷ്യല്‍ സോണില്‍ അനുവദനീയമായ സംഗതികള്‍

Residential zones
6.1 Uses permitted (1) :
All residences including Residential flats/Apartments and Residential uses incidental to other main uses, night shelters, orphanage/old age homes/ Dharmasala, Ashram/Mutts, professional offices and studios of the residents, Retail shops/ professional offices  commercial offices or establishments up to 200 sq.m, ATMs, restaurants/canteen upto 100 sq m, Day care & Crèches, nursery/ Kindergarten/Primary school, library and reading rooms, social welfare centres, clinics (out patient), diagnostic centers, community halls, clubs, parks and playgrounds incidental to the residential uses, public utility buildings such a water supply, drainage and electric installation of a minor nature and small service industries of a nonnuisance nature (Annexure I) engaging not more than 3 workers with power limited to 3 HP or 6 workers without power.

ചോദ്യം: എല്ലാ നഗരസഭകള്‍ക്കും ടൌണ്‍ പ്ലാനിംഗ് സ്കീം ബാധകമാണോ ?

ഉത്തരം നല്‍കിയിരിക്കുന്നത് ശ്രീ  Safeer S Karicode

അതാത് തദ്ധേശ സ്വയം സ്ഥാപനം തീരുമാനം എടുത്ത് സര്ക്കാറിനോട് ആവശ്യപ്പെടുന്നതിനനുസരിച്ചാണ്, മാസ്റ്റര് പ്ലാനുകളും, DTP സ്കീമുകളും തയ്യാറാക്കി , അതാത് ഭരണ സമിതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യുന്നത്. നിലവില് മിക്ക നഗരസഭകളിലും ഉണ്ടാകണം. അതാത് നഗരസഭയില് അന്വേഷിച്ചാല് കൃത്യമായി വിവരം ലഭിക്കും. 


അസ്സറ്റ്‌ ഹോംസുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ പരാതി ചുവടെ കൊടുക്കുന്നു.


From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com 
    Mo: +91 93425 02698

To
    District Town Planner
    Kottayam

Sir,
             വിഷയം: ടൌണ്‍ പ്ലാനിംഗ് സ്കീമിന് വിരുദ്ധമായി കോട്ടയം നഗരസഭ കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് പെര്‍മിറ്റ്‌  നല്‍കിയത് സംബന്ധിച്ച പരാതി.
             സൂചന:  1) Building Permit Number PW4-BA/144/16-17
            2) Town Planning Notification - G.O.P No. 219/2008/LSGD Dtd 4.08.2008 ; SRO No 1084/2008.
       
1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരസഭയില്‍  വാര്‍ഡ്‌ 23 -ല്‍, പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം, അബു. സി. എബ്രഹാം എന്ന വ്യക്തിയുടെ വസ്തുവില്‍ ടിയാനും അസറ്റ് ഹോംസും സംയുക്തമായി നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ഹൈറൈസ് ബില്‍ഡിംഗിന് നഗരസഭ പെര്‍മിറ്റ്‌ നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഈ പരാതി ബോധിപ്പിക്കുന്നത്.
2. ടി നിര്‍മ്മാണാനുമതി നല്‍കിയ വസ്തു, പുത്തനങ്ങാടി - അറുത്തൂട്ടി റോഡില്‍ കോട്ടയം വില്ലേജില്‍ ബ്ലോക്ക് 134 - ല്‍ പെട്ട റീസര്‍വ്വേ 20, 20/3, 20/6, 20/7, 55 എന്നീ നമ്പരുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ടൌണ്‍ പ്ലാനിംഗ് ആക്റ്റ് പ്രകാരം ടി വസ്തു റസിഡന്‍ഷ്യല്‍ സോണില്‍ ഉള്‍പ്പെടുന്നു.  

3. ബ്ലോക്ക് നമ്പര്‍ 134 പൂര്‍ണമായും റസിഡന്‍ഷ്യല്‍ മേഖലയാണ്. റസിഡന്‍ഷ്യല്‍ സോണില്‍ നിയമാനുസൃതം അനുവദനീയമായിട്ടുള്ള, ഒന്നോ രണ്ടോ ഓഫീസുകളും കമേഴ്സ്യല്‍ സ്ഥാപനങ്ങളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ചതും  കോട്ടയം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ശാന്തമായ ഒരു മേഖലയാണിത്. തൊട്ടടുത്ത് സ്കൈലൈന്‍ ബില്‍ഡര്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്ലാറ്റും റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്.
4. സൂചന രണ്ടിലെ സോണല്‍ റഗുലേഷന്‍സിന് വിരുദ്ധമായാണ് ഇവിടെ 539.42 Sqm Mercantile / Commercial കെട്ടിട നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്.  നിര്‍ദ്ദിഷ്ട റോഡിന്റെ വീതി പന്ത്രണ്ട് മീറ്ററില്‍ കൂടുതലാണെങ്കില്‍, സോണല്‍ റഗുലേഷന്‍സിലെ അഡീഷണല്‍ പ്രൊവിഷന്‍സ് പ്രകാരം കമേഴ്സ്യല്‍ കെട്ടിടത്തിന് അനുവാദം കൊടുക്കാന്‍ സാധിക്കും എന്ന് പറഞ്ഞാണ് ഇപ്രകാരം അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍,  ഇതിനും വ്യവസ്ഥകള്‍ ഉണ്ട്. ടി വ്യവസ്ഥകള്‍ പാലിക്കാതെയാണ് ടി കമേഴ്സ്യല്‍ കെട്ടിടത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലകളില്‍ ഇപ്രകാരം അനുവാദം നല്‍കാന്‍ സാധിക്കില്ല എന്ന് സൂചന രണ്ടിലെ നോട്ടിഫിക്കേഷനിലെ ജനറല്‍ ഗൈഡ് ലൈന്‍സില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

"However such uses may not be permitted in the residential zone if the area is substantially developed as a residential area.

(ii) In residential zones if the area is substantially developed as residential, the zoning regulation spelt out in the scheme shall continue."

5. ടി പെര്‍മിറ്റിന്റെ കാലാവധി 20.07.2019 - ല്‍ അവസാനിക്കുകയാണ്. പ്ലോട്ട് സ്ഥിതി ചെയ്യുന്ന ബ്ലോക്ക് നമ്പര്‍ 134 ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലയാണോ എന്നും ഇവിടെ എത്ര കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് കൊടുത്തിട്ടുണ്ട് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ടൌണ്‍ പ്ലാനര്‍ അടിയന്തിരമായി പരിശോധിച്ച്, നിയമാനുസൃതമായ നടപടികള്‍  സ്വീകരിക്കണമെന്നും ഇവിടം  റസിഡന്‍ഷ്യല്‍ മേഖലയായി തന്നെ നിലനിര്‍ത്തണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                                                എന്ന് വിശ്വസ്തതയോടെ            
         
കോട്ടയം
29-06-2019       
                                                                                    Mahesh Vijayan
                                                                                   RTI & Human Rights Activist

Wednesday 26 June 2019

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം അപകടാവസ്ഥ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

അധികാരികളുടെ സ്റ്റോപ്പ് മെമ്മോകള്‍ ലംഘിച്ച് അസറ്റ് ഹോംസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അറിവിലേക്ക് ചില കാര്യങ്ങള്‍ പങ്ക് വെയ്ക്കുന്നു. 26.06.19-ല്‍ എടുത്ത നിര്‍മ്മാണ വീഡിയോയും അവസാനത്തെ സ്റ്റോപ്പ് മെമ്മോയുമാണ് ഇതോടൊപ്പമുള്ളത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്റ്റോപ്പ് ചെയ്ത് കോട്ടയം നഗരസഭ ആദ്യ നോട്ടീസ് നല്‍കുന്നത് 2017 - ലാണ് ; പക്ഷെ, നിര്‍മ്മാണം ഇപ്പോഴും നിര്‍ബാധം തുടര്‍ന്നു. പരാതിയുമായി വീണ്ടും നാട്ടുകാര്‍ സമീപിക്കുമ്പോള്‍ വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കും. നഗരസഭയുടെ ഉത്തരവാദിത്വം കഴിഞ്ഞു. പാവപ്പെട്ടവന്‍ രണ്ട് സെന്റ്‌ സ്ഥലത്ത് ഒരു വീട് വെക്കുമ്പോള്‍ രണ്ട് സെന്റി മീറ്റര്‍ അത് തള്ളി നിന്നാല്‍ കാണാം നഗരസഭയുടെ ശുഷ്കാന്തി.


കോട്ടയത്ത് മാത്രമല്ല, മിക്ക നഗരസഭയിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഒരു കാര്യം ജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്, എവിടെയേലും നിര്‍മ്മാണ പ്രവൃത്തി മൂലം അപകടാവസ്ഥ ഉണ്ടായാല്‍, ആയത് പരിഹരിക്കാതെ യാതൊരു കാരണവശാലും നിര്‍മ്മാണം തുടരാന്‍ അനുവദിക്കരുത്. മൈനിംഗ് നടക്കുമ്പോള്‍ തന്നെ എത്രയും വേഗം കോടതിയേയോ ട്രിബ്യൂണലിനേയോ സമീപിച്ച് മൈനിംഗിന് സ്റ്റേ വാങ്ങേണ്ടതാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ പാതി വഴിയിലെത്തിയാല്‍ പിന്നെ സ്റ്റേ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. ബില്‍ഡര്‍ മുടക്കിയ തുകയുടെ കണക്കുകള്‍ കോടതിയില്‍ നിരത്തി, നിര്‍മ്മാണാനുമതി സ്വന്തമാക്കും.

പലപ്പോഴും റീട്ടെയിനിംഗ് വാള്‍ കെട്ടിത്തരാമെന്ന്, നാട്ടുകാരെ ബില്‍ഡര്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും നാട്ടുകാരെ വിശ്വാസത്തില്‍ എടുക്കാനായി ചിലപ്പോള്‍ എഗ്രിമെന്റ് വെക്കുക വരെ ചെയ്യും. ഇതൊക്കെ വിശ്വസിച്ച് ആരും പരാതിയുമായി മുന്നോട്ട് പോകില്ല. ഒടുവില്‍ ബില്‍ഡര്‍ ഒന്നും ചെയ്യില്ല എന്ന് ഉറപ്പാകുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. കോടതിയെ സമീപിക്കുമ്പോള്‍ കാലതാമസം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് ഓര്‍ക്കുമല്ലോ. ഒരു കാരണവശാലും ബില്‍ഡറുടെ വാക്ക് വിശ്വസിച്ച് നിര്‍മ്മാണം പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാതെ, എത്രയും വേഗം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് ചെയ്യേണ്ടത്.  ഇത് സംബന്ധിച്ച്, കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ പതിനൊന്ന് മണിക്ക് ശേഷം എന്നെ വിളിക്കാവുന്നതാണ്. മൊ:  9342502698. - മഹേഷ്‌ വിജയന്‍.

കോട്ടയത്ത് അസ്സറ്റ്‌ ഹോംസ് നടത്തുന്ന ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍


പലയിടത്തും ബില്‍ഡര്‍മാര്‍ നടത്തുന്ന അനധികൃത മണ്ണെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം വീടുകളും പുരയിടങ്ങളും അപകടാവസ്ഥയിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള പ്രദേശവാസികളുടെ ചെറുത്ത് നില്‍പ്പുകള്‍ മിക്കപ്പോഴും ബില്‍ഡറുടെ മണി പവറിനും ദാര്‍ഷ്ട്യത്തിനും മുന്നില്‍ എരിഞ്ഞടങ്ങുന്നു. നിയമങ്ങള്‍ സംബന്ധിച്ച ധാരണ കുറവ് തന്നെയാണ് ഇതിന് മറ്റൊരു കാരണം. ഇക്കാര്യത്തില്‍ പലരും ആവശ്യപ്പെട്ടത് പ്രകാരം പൊതുജനാവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബ്ലോഗ്‌ ആരംഭിക്കുകയാണ്. കോട്ടയം പുത്തനങ്ങാടിക്ക്  സമീപം അസ്സറ്റ്‌ ഹോംസ്   നടത്തുന്ന ഫ്ലാറ്റ്  നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ഞാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിശദമായി ഈ ബ്ലോഗില്‍ പ്രതിപാദിക്കുന്നതാണ്. നിലവില്‍ ഈ വിഷയം സംബന്ധിച്ച്  പ്രദേശവാസിയായ ശ്രീ എം.പി. ജോസഫ് നഗരസഭയ്ക്കും മറ്റ് അധികാരികള്‍ക്കും നല്‍കിയ വിശദമായ പരാതി ചുവടെ ചേര്‍ക്കുന്നു. എപ്രകാരമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തി പരാതികള്‍ തയ്യാറാക്കേണ്ടത് എന്നും മറ്റുമുള്ള കാര്യങ്ങളെ കുറിച്ച് പിന്നീട് വിശദമാക്കുന്നതാണ്. സമാന വിഷയങ്ങളില്‍ ഇടപെടുന്നവരും താല്പര്യമുള്ളവരും ഈ ബ്ലോഗ്‌ പിന്തുടരണമെന്ന്അഭ്യര്‍ത്ഥിക്കുന്നു.

പരാതി.

From
    MP Joseph
    Maliakal House
    Puthenangady
    Kottayam - 686001

To
    Secretary
    Kottayam Municipality - 686001

Sir,
             വിഷയം:  റസിഡന്‍ഷ്യല്‍ സോണില്‍ ചട്ടം ലംഘിച്ച് കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ്-ന് അനുവാദം കൊടുത്തതും അവിടെ അനധികൃതമായും പെര്‍മിറ്റില്‍ നിന്നും വ്യതി ചലിച്ചും അസറ്റ് ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതുമൂലമുള്ള അപകടാവസ്ഥയും സംബന്ധിച്ച പരാതി.
             സൂചന:  1) ബില്‍ഡിംഗ് പെര്‍മിറ്റ്‌ നം PW4-BA/144/16-17
                   2) Govt Notification - G.O.P No. 219/2008/LSGD Dtd 4.08.2008 ; SRO No 1084/2008.
        3) അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സംബന്ധിച്ച സര്‍ക്കുലര്‍ - തദ്ദേശസ്വയംഭരണ (ആര്‍.എ) വകുപ്പ് നം 22044/ആര്‍.എ1/10, തസ്വഭവ തീയതി 24.07.10
   
1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരസഭ തിരുവാതുക്കല്‍ മേഖലയില്‍ 23 ആം വാര്‍ഡില്‍, പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം, അബു. സി. എബ്രഹാം എന്നയാളുടെ വസ്തുവില്‍ ടിയാനും അസറ്റ് ഹോംസും സംയുക്തമായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പ്രദേശത്തെ അപകടാവസ്ഥയും സംബന്ധിച്ചാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. 

2. ചെങ്കുത്തായ പ്രദേശത്താണ് വന്‍തോതില്‍ മണ്ണ് ഖനനം നടത്തി അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം നടക്കുന്നത്. ഇതേ തുടര്‍ന്ന് ഏഴ് വീടുകളാണ് ഇവിടെ അപകടാവസ്ഥയിലായത്. മൂന്ന് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് വാടകയ്ക്ക് പോയി.  പ്രദേശവാസിയായ ശ്രീ. എം.ടി. പുന്നൂസിന്റെ ഇരുനില വീടിന്റെ വാര്‍ക്കയിലും ഭിത്തിയിലും വീണ വിള്ളലുകള്‍ ഓരോ ദിനവും വലുതായി കൊണ്ടിരിക്കുന്നു. എനിക്കും ശ്രീ പുന്നൂസിനും മറ്റ് പ്രദേശവാസികള്‍ക്കും റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് കൊടുത്തശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂ എന്ന നഗരസഭയുടെയും സബ്കളക്ടറുടെയും നിരവധി ഉത്തരവുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ്‌ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും ഇപ്പോഴും നിര്‍ബാധം തുടരുന്നത്. കനത്ത മഴയില്‍ ഇവിടെ എന്തെങ്കിലും തരത്തിലുള്ള ദുരന്തം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

3. കോട്ടയം വില്ലേജില്‍ ബ്ലോക്ക് 134 - ല്‍ പെട്ട റീസര്‍വ്വേ 20, 20/3, 20/6, 20/7, 55 എന്നീ നമ്പരുകളിലായാണ് സൂചന ഒന്ന് പ്രകാരം നഗരസഭ നിര്‍മ്മാണാനുമതി നല്കിയിരിക്കുന്നത്. ടൌണ്‍ പ്ലാനിംഗ് ആക്റ്റ് പ്രകാരം ടി വസ്തു റസിഡന്‍ഷ്യല്‍ സോണില്‍ ഉള്‍പ്പെടുന്നു.  ഉദ്ദേശം അര കിലോമീറ്റര്‍ നീളമുള്ള പുത്തനങ്ങാടി - അറുത്തൂട്ടി റോഡിനോട്‌ ചേര്‍ന്നാണ് ടി നിര്‍മ്മാണാനുമതി നല്കിയിരിക്കുന്നത്.

4. കുടില്‍ വ്യവസായമായി നടത്തി വരുന്ന ഒരു ഫുഡ് പ്രൊഡക്ട്സ് ഷോപ്പ് ഉള്‍പ്പടെ പണ്ട് തൊട്ടേ പ്രവര്‍ത്തിക്കുന്ന വിരലില്‍ എണ്ണാവുന്ന ഒന്നോ രണ്ടോ ചെറിയ സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഭൂരിഭാഗവും റസിഡന്‍ഷ്യല്‍ വാസഗൃഹങ്ങള്‍ ആണ് ഇവിടെ ഉള്ളത്. 75 വര്‍ഷമായി ഇവിടെ ജനിച്ച് താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി എനിക്ക് അറിവുള്ളതാണ്. കോട്ടയം നഗരത്തിലെ ഏറ്റവും ശാന്തമായ ഒരു റസിഡന്‍ഷ്യല്‍ മേഖലയാണിത്. തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന സ്കൈലൈന്‍ ബില്‍ഡറുടെ ഫ്ലാറ്റും പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആണ്. 

5. സൂചന രണ്ടിലെ സോണല്‍ റഗുലേഷന്‍സിന് വിരുദ്ധമായാണ് ഇവിടെ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്. സോണല്‍ റഗുലേഷന്‍സിലെ അഡീഷണല്‍ പ്രൊവിഷന്‍സ് പ്രകാരം പ്രൊപോസ്ഡ് റോഡിന്റെ വീതി 12 മീറ്ററില്‍ കൂടുതല്‍ ആണെങ്കില്‍ റസിഡന്‍ഷ്യല്‍ മേഖലയിലും വ്യവസ്ഥകള്‍ക്ക് വിധേയമായി കമേഴ്സ്യല്‍ കെട്ടിടത്തിന് അനുവാദം കൊടുക്കാവുന്നതാണ്. എന്നാല്‍, ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലകളില്‍ ഇത് അനുവദനീയമല്ല. ഇക്കാര്യം വളരെ വ്യക്തമായി സര്‍ക്കാര്‍ ഉത്തരവില്‍  പറഞ്ഞിട്ടുള്ളതാണ്.

"However such uses may not be permitted in the residential zone if the area is substantially developed as a residential area.

(ii) In residential zones if the area is substantially developed as residential, the zoning regulation spelt out in the scheme shall continue."

ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലയാണിത് (ബ്ലോക്ക് 134). ഇവിടെ എത്ര കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് കൊടുത്തിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. എന്നാല്‍, ടി വസ്തുതകള്‍ ഒന്നും പരിശോധിക്കാതെ കമേഴ്സ്യല്‍ പെര്‍മിറ്റ്‌ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. 

6. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നടത്തിയിരിക്കുന്നതും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. അംഗീകരിച്ച പ്ലാനില്‍ നിന്നും വ്യതിചലിച്ച്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലാത്ത കെട്ടിടത്തിന്‍റെ മുന്‍ഭാഗത്തുള്ള നിര്‍മ്മാണ ശൂന്യസ്ഥലത്താണ് , ഫ്ലാറ്റിന്റെ വലിയ സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം പുരോഗമിക്കുന്നത്. കൂടാതെ, പ്ലോട്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീ എം.ടി. പുന്നൂസിന്റെ പുരയിടത്തോട്‌ തൊട്ട് ചേര്‍ന്ന് ഒരടി പോലും സെറ്റ്ബാക്ക് ഇല്ലാതെ ആഴത്തില്‍ മണ്ണെടുത്ത് അപകടാവസ്ഥ ഉണ്ടാക്കുകയും തുടര്‍ന്ന് ഇവിടെ അതിര് ചേര്‍ത്ത് റീട്ടെയിനിംഗ് വാള്‍ എന്ന പേരില്‍ കെട്ടിടത്തിന്‍റെ ബേസ്മെന്റ് ഫ്ലോറിന്റെ ഭിത്തി നിര്‍മ്മിക്കുകയുമാണ്‌ ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ 'റീട്ടെയിനിംഗ്' വാളില്‍ വിള്ളലും ബലക്ഷയവും ബാധിച്ചതിനെ തുടര്‍ന്ന് ബാഹ്യ സപ്പോര്‍ട്ട് കൊടുത്ത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഈ സംരക്ഷണ ഭിത്തിയുടെ സുരക്ഷിതത്വം അടിയന്തിരമായി നഗരസഭ പരിശോധിക്കേണ്ടതുണ്ട്.

7. പ്ലോട്ടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത്, ലാന്‍ഡ്‌സ്കേപ്പ് & റിക്രിയേഷണല്‍  ഏരിയയായി കാണിച്ചിട്ടുള്ളിടത്ത്, ആഴത്തില്‍ മണ്ണെടുത്ത് DMC പൈലിംഗ് നടത്തി, ടവര്‍ ഒന്നിന്റെ എക്സ്റ്റന്‍ഷന്‍ ആയി നിര്‍മ്മിക്കുന്ന കെട്ടിടഭാഗം അംഗീകരിച്ച പ്ലാനില്‍ ഇല്ലാത്തതാണ്.  അതിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന കുന്നോളം വരുന്ന മണ്ണ് മുഴുവന്‍, ഇതിനായി ഇവിടെ നിന്നും അനധികൃതമായി നീക്കിയതാണ്. ജിയോളജിയുടെ അനുവാദം ഇല്ലാതെ ഇവിടെ നിന്നും മണ്ണ് പുറത്തേക്ക് കടത്താന്‍ നടത്തിയ ശ്രമം റവന്യൂ, പോലീസ് അധികാരികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.   കെ.എം.ബി.ആര്‍ റൂള്‍ 11A പ്രകാരം 1.5 മീറ്റര്‍ ആഴത്തില്‍ കൂടുതല്‍ ഉത്ഖനനം നടത്തുന്നതിനുള്ള പെര്‍മിറ്റ്‌ പ്ലോട്ട് ഉടമ എടുത്തിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ തന്നെ ആയത് പ്രകാരമാണോ ഖനനം നടത്തുന്നത് എന്നും സെക്രട്ടറി പരിശോധിക്കേണ്ടതുണ്ട്.

8. അംഗീകരിച്ച പ്ലാനില്‍, അതിര്‍ത്തിയില്‍ നിന്നും ഒന്നരമീറ്റര്‍ മാറിയാണ് ശ്രീ പുന്നൂസിന്റെ ഭാഗത്തെ  റീട്ടെയിനിംഗ് വാള്‍ കാണിച്ചിട്ടുള്ളത്. ഇത് ഒരേസമയം റീട്ടെയിനിംഗ് വാള്‍ ആയും ബേസ്മെന്‍റ് ഫ്ലോറിന്റെ ഭിത്തിയും ആക്ട് ചെയ്യുന്നു.  ഈ ഭിത്തിയാണ് ഒന്നരമീറ്റര്‍ അകലം പാലിക്കാതെ അതിര്‍ത്തിയോട് ചേര്‍ന്ന് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. ചരിഞ്ഞ പ്രദേശമായ ഇവിടെ, ഭൂഗര്‍ഭജലം ഒഴുകി പോകുന്നതിനുള്ള ഹോളുകള്‍ ഇല്ലാതെയും അല്പം പോലും ചെരിവ് ഇല്ലാതെയുമാണ് ടി 'റീട്ടെയിനിംഗ് വാള്‍' നിര്‍മ്മിക്കുന്നത്.  ശ്രീ പുന്നൂസിന്റെ അതിരിനും പ്ലോട്ടിനും ഇടയില്‍ FAR കണക്കാക്കിയതില്‍ നിന്നും ഒഴിവാക്കിയ ഈ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പെര്‍മിറ്റില്‍ നിന്നും വ്യതിചലിച്ചുള്ള മറ്റ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുള്ളതിനാല്‍, FAR വീണ്ടും കണക്കാക്കേണ്ടതാണ്.  കൂടാതെ, അംഗീകരിച്ച പ്ലാന്‍ പ്രകാരം റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിക്കുമെന്ന് സെക്രട്ടറി ഉറപ്പാക്കേണ്ടതുമാണ്.  

9. ഏകദേശം 45 ഡിഗ്രിയിലധികം കോണായി സ്ഥിതി ചെയ്യുന്ന, വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും സാദ്ധ്യതയുള്ള, ഇവിടെ നടക്കുന്ന നിര്‍മ്മാണം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും ആപല്‍കരവും  ആണ്.  നിര്‍മ്മാണം മൂലം പ്രദേശത്തെ കിണറുകളില്‍ വെള്ളം കിട്ടാതെയായി.  ഭാവിയില്‍ ഇവിടെ പൊതുഫണ്ട് അനാവശ്യമായി വിനിയോഗിക്കേണ്ടി വരാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ പരിശോധിക്കാതെയാണ് ഇവിടെ നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്. ആകയാല്‍, കെ.എം.ബി.ആര്‍ ചട്ടം 23 (3)  പ്രകാരം പൊതുധനം അനാവശ്യമായി വിനിയോഗിക്കുവാന്‍ ഇടയാകുകയില്ലെന്ന് സെക്രട്ടറിക്ക് ഉത്തമബോദ്ധ്യം വരും വരെ ടി പെര്‍മിറ്റ്‌ പുതുക്കാന്‍ പാടില്ലാത്തതും യാതൊരുവിധ ഭൂവികസനമോ കെട്ടിടനിര്‍മ്മാണമോ ഇവിടെ നടത്തുവാന്‍ അനുവദിക്കരുതാത്തതും ആകുന്നു. 

10.  അംഗീകരിച്ച പ്ലാനില്‍ ടവര്‍ ഒന്നിന് ചുറ്റും അഞ്ച് മീറ്റര്‍ വീതിയുള്ള വഴി ഉള്ളതായി കാണിച്ചിട്ടുണ്ട്. എന്നാല്‍, പ്ലോട്ടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത്, ടി വഴി അടച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ചട്ടപ്രകാരം, പൊക്കം കൂടിയ കെട്ടിടങ്ങള്‍ക്ക് ചുറ്റും അഗ്നിശമന വാഹനങ്ങള്‍ സുവ്യക്തമായി സഞ്ചരിച്ച് അഗ്നിശമനം സുസാധ്യമാക്കത്തക്ക വിധം അഞ്ച് മീറ്റര്‍ വീതിയുള്ള തുറന്ന സ്ഥലം ഉണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ മേല്‍ നടപടികള്‍ നഗരസഭ സ്വീകരിക്കേണ്ടതാണ്. 

11. ടി പ്ലോട്ടില്‍ നടക്കുന്ന അനധികൃത ഖനനവും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയേണ്ട മുനിസിപ്പല്‍ എന്‍ജിനീയര്‍മാര്‍ ബില്‍ഡര്‍ക്ക് അനുകൂലമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്. നിരവധി തവണ സൈറ്റ് സന്ദര്‍ശിച്ചിട്ടും ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ എന്‍ജിനീയര്‍മാര്‍ സെക്രട്ടറിക്ക് നല്‍കുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സൂചന മൂന്നിലെ സര്‍ക്കുലറില്‍, അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍, ചട്ടം ലംഘനം ഉണ്ടെന്ന് ഉറപ്പാകുന്ന പക്ഷം, ടി ചട്ടത്തെ കുറിച്ചുള്ള വ്യക്തമായ വിശദീകരണവും കെ.എം.ബി.ആര്‍ -ലെ റൂളിന്‍റെ നമ്പരും വിവരങ്ങളും മുനിസിപ്പാലിറ്റി ആക്ടിന്‍റെ സെക്ഷനും മറ്റ് ചട്ടങ്ങളും കാണിച്ച് കൊണ്ട് വ്യക്തമായ നോട്ടീസ് കക്ഷിക്ക് നല്‍കേണ്ടതാണ് എന്ന് നിഷ്കര്‍ഷിക്കുന്നു. എന്നാല്‍, നിരവധി ചട്ട ലംഘനങ്ങള്‍ നടന്നിട്ടും നാളിതുവരെ സൂചന മൂന്ന്‍ പ്രകാരം ഒരു നോട്ടീസ് കക്ഷിക്ക് നഗരസഭ നല്‍കിയിട്ടില്ല

12. പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ച ക്രമക്കേടുകള്‍ മാത്രമാണ് ഈ പരാതില്‍ ബോധിപ്പിച്ചിട്ടുള്ളത്.  ആകയാല്‍, മേല്‍വിവരിച്ച കാരണങ്ങളാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി,
    A). സെക്രട്ടറി നേരിട്ട് സൈറ്റ് സന്ദര്‍ശിച്ച്, ഈ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാവിധ ആരോപണങ്ങളും വിശദമായി പരിശോധിച്ച് നിയമാനുസൃതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും 
    B) റസിഡന്‍ഷ്യല്‍ സോണില്‍ കമേഴ്സ്യല്‍ കെട്ടിടത്തിന് നല്‍കിയ പെര്‍മിറ്റ്‌ റദ്ദാക്കണമെന്നും
 C) ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടഭാഗങ്ങള്‍ പൊളിച്ച് നീക്കുന്നതിനോ ആയത് പരിഹരിക്കുന്നതിനോ വേണ്ട മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും ആയത് പരിഹരിക്കും വരെ  പെര്‍മിറ്റ് പുതുക്കി  നല്‍കരുതെന്നും
 D) എന്‍റെയും അപകടാവസ്ഥയിലുള്ള മറ്റ് പുരയിടങ്ങള്‍ക്കും അടിയന്തിരമായും സമയബന്ധിതമായും പ്രോപ്പര്‍ റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച്, ജീവനും സ്വത്തിനും വേണ്ട സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അതുവരെ നഗരസഭ നല്കിയിരിക്കുന്ന സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നും
    E) വീഴ്ച വരുത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ  നിയമാനുസൃതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                                                  എന്ന് വിശ്വസ്തതയോടെ            
            
കോട്ടയം
25-06-2019       
                                                                                                                    MP Joseph
Copy to:

1. ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)
2. ജില്ലാ ടൌണ്‍ പ്ലാനര്‍, കോട്ടയം
3. ഡിസാസ്റ്റര്‍ മാനെജ്മെന്റ് അതോറിറ്റി, കോട്ടയം
4. ജില്ലാ കളക്ടര്‍ കോട്ടയം.

കോട്ടയത്ത് അസറ്റ് ഹോംസ് നടത്തി കൊണ്ടിരിക്കുന്ന അനധികൃത ഖനനവും നിര്‍മ്മാണ പ്രവര്‍ത്തനവും


കോട്ടയം കഞ്ഞിക്കുഴിയിലെ സ്കൈലൈനിന് ശേഷം ഞാന്‍ ഏറ്റെടുത്ത അടുത്ത വിഷയമാണ് പുത്തനങ്ങാടിയില്‍ അസറ്റ് ഹോംസ് നടത്തി കൊണ്ടിരിക്കുന്ന അനധികൃത ഖനനവും നിര്‍മ്മാണ പ്രവര്‍ത്തനവും. ഒരു മല തന്നെ തുരന്നാണ് അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം നടക്കുന്നത്. ഇതേ തുടര്‍ന്ന് അഞ്ച് വീടുകളാണ് അപകടാവസ്ഥയിലായത്. മൂന്ന് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് വാടകയ്ക്ക് പോയി. ചിത്രത്തില്‍ കാണുന്ന ഇരുനില വീടിന്റെ വാര്‍ക്കയിലും ഭിത്തിയിലും വീണ വിള്ളലുകള്‍ ഓരോ ദിനവും വലുതായി കൊണ്ടിരിക്കുന്നു. റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് കൊടുത്തശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂ എന്ന നഗരസഭയുടെയും സബ്കളക്ടറുടെയും നിരവധി ഉത്തരവുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ്‌ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും ഇപ്പോഴും തുടരുന്നത്. ഇതിന് നഗരസഭ എന്‍ജിനീയര്‍മാര്‍ ഒത്താശ ചെയ്യുന്നു. മതിയായ സെറ്റ്ബാക്ക് ഇല്ലാതെ മണ്ണെടുത്തതും പൈലിംഗും മൂലമാണ് സമീപത്തെ വീടുകളും പുരയിടങ്ങളും അപകടത്തിലായത്. കിണറുകളില്‍ വെള്ളം കിട്ടാതെയായി. ജിയോളജിയുടെ അനുവാദം ഇല്ലാതെ ഇവിടെ നിന്നും മണ്ണ് പുറത്തേക്ക് കടത്താന്‍ നടത്തിയ ശ്രമം റവന്യൂ, പോലീസ് അധികാരികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. അസറ്റ് ഹോംസിന് നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയതിലും ക്രമക്കേടുകള്‍ ഉണ്ട്. പക്കാ റസിഡന്‍ഷ്യല്‍ സോണ്‍ ആയ ഇവിടെ കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് അനുവാദം കൊടുത്തതും പെര്‍മിറ്റില്‍ നിന്നും വ്യതി ചലിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാത്തതും നഗരസഭയുടെ ഗുരുതരമായ വീഴ്ചയാണ്. മഴ കനത്താല്‍ ഇവിടെ ഒരു ദുരന്തം ഉണ്ടാകാന്‍ ഉള്ള സാധ്യത നില നില്‍ക്കുന്നു.