Wednesday 27 November 2019

ഫ്ലാറ്റ് നിര്‍മ്മാണം: പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്


കോട്ടയം പുത്തനങ്ങാടിയില്‍  ഫ്ലാറ്റ് നിര്‍മ്മിക്കാനായി അസ്സറ്റ്‌ ഹോംസ് മണ്ണെടുത്തത് മൂലം പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടപരിഹാരം നിര്‍ണയിക്കാനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ടെക്നിക്കല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി രൂപീകരിക്കാന്‍  ഹൈക്കോടതി ഉത്തരവിട്ടു.  രണ്ട് സാങ്കേതിക വിദഗ്ദ്ധരും നഗരസഭ സെക്രട്ടറിയും ജില്ലാ ടൌണ്‍ പ്ലാനറും ഉള്‍പ്പെടുന്ന നാലംഗ കമ്മിറ്റി രൂപീകരിച്ച് ഒരു മാസത്തിനകം തീരുമാനം എടുക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി മൂലം വീട് അപകടാവസ്ഥയിലായത് സംബന്ധിച്ച് പ്രദേശവാസിയായ അന്നമ്മ ചാക്കോ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് (WP(C).No.21157/2019) ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  അന്നമ്മ ചാക്കോ നല്‍കിയ പരാതിയില്‍, കോട്ടയം നഗരസഭ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുമായി തങ്ങള്‍ അതിര്‍ത്തി പങ്കിടുന്നില്ല എന്ന അസറ്റ് ഹോംസിന്റെയും വാദവും കോടതി തള്ളിക്കളഞ്ഞു.
ഫ്ലാറ്റുകളും വന്‍കിട കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കുമ്പോള്‍ മണ്ണെടുപ്പ്‌, പൈലിംഗ് എന്നിവ മൂലം സമീപത്തെ വീടുകള്‍ക്കും പുരയിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനായി, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ്, ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങളിലെ വിദഗ്ദ്ധരും അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കാനും മൂന്ന്‍ ആഴ്ചയ്ക്കകം പരിഹാരം കാണാനും  കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇന്നേവരെ ഈ ചട്ടം ആരും പാലിച്ചിരുന്നില്ല. തന്മൂലം, ഉയര്‍ന്ന തുക വക്കീല്‍ ഫീസയും കോര്‍ട്ട് ഫീ ആയും നല്‍കി കോടതികളെ ആശ്രയിക്കുക മാത്രമായിരുന്നു ഏക പോംവഴി. ഇത് ധനനഷ്ടം മാത്രമല്ല കാലതാമസവും ഉണ്ടാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.

ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ഇത് ബാധകമാണ്. ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ (KMBR 1999)  റൂള്‍ 11A ആണ് പറഞ്ഞിട്ടുള്ളത്‌. പഞ്ചായത്തില്‍, പഴയ ചട്ടങ്ങളില്‍ റൂള്‍ 12(3) ഉം 2019-ലെ പുതിയതില്‍ റൂള്‍ 10(12)-ലും ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.  ഇതനുസരിച്ച്, ബില്‍ഡിംഗ് പെര്‍മിറ്റ്‌ എടുത്തശേഷം,
ഖനനത്തിന്റെ ആഴവും നിലയും കാണിക്കുന്ന അളവോട് കൂടിയ പ്ലാനുകള്‍ സെക്ഷണല്‍ ഡ്രോയിംഗുകള്‍,  സംരക്ഷണ നടപടികളുടെ വിവരണങ്ങള്‍, കോളങ്ങള്‍, ബീമുകള്‍, സ്ലാബുകള്‍, പൈലുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഡ്രോയിംഗുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ എടുത്തശേഷം മാത്രമേ ഖനനം പാടുള്ളൂ.  എന്നാല്‍, മിക്കപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് പലരും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ തരപ്പെടുത്താറുള്ളതും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താറുള്ളതും. 

ഇത് സംബന്ധിച്ച് കൂടുതല്‍ നിയമവശങ്ങള്‍ അറിയുന്നതിന് രാവിലെ പത്ത് മണിക്ക് ശേഷം എന്നെ വിളിക്കാവുന്നതാണ്. നമ്പര്‍ 9342502698.

ടി ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണരൂപത്തിനും  ഓരോ ജില്ലയിലും ടെക്നിക്കല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി രൂപീകരിച്ച് കൊണ്ടുള്ള ലേറ്റസ്റ്റ് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://drive.google.com/drive/folders/1XjWlPRHyf_03ag38D9Seqn9IFRNlFxf9?usp=sharing

-മഹേഷ്‌ വിജയന്‍ (വിവരാവകാശ പ്രവര്‍ത്തകന്‍)