Thursday 23 January 2020

അസറ്റ് ഹോംസ് ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിലെ അതീവ ഗുരുതരങ്ങളായ ക്രമക്കേടുകളും അഴിമതിയും

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    Mo: +91 93425 02698

To
    Secretary
    Kottayam Municipality - 686001

Sir,
             വിഷയം: കോട്ടയം പുത്തനങ്ങാടിയില്‍ അബു സി എബ്രഹാമും അസറ്റ് ഹോംസും സംയുക്തമായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിലെ അതീവ ഗുരുതരങ്ങളായ ക്രമക്കേടുകളും അഴിമതിയും ഹൈക്കോടതി ഉത്തരവ് വരെ അട്ടിമറിച്ചതും സംബന്ധിച്ച പരാതി.

            സൂചന: 1) ബഹു: ഹൈക്കോടതിയുടെ 10.10.19 -ലെ ഉത്തരവ് - WP(C).No.21157/19
               2) കോട്ടയം നഗരസഭയുടെ Building Permit Number PW4-BA/144/16-17
            3) 13-02-2017 -ലെ നഗരസഭയുടെ ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌
              4) 27.01.17 മുതല്‍ 25.05.19 വരെ നഗരസഭ നല്‍കിയ വിവിധ സ്റ്റോപ്പ് മെമ്മോകള്‍.        
              5) മേല്‍ വിഷയത്തില്‍ അങ്ങയുടെ ഓഫീസിലെ വിവിധ പരാതികള്‍
              6)  ശ്രീ എം.റ്റി. പുന്നൂസിന്റെ പരാതിയിന്മേല്‍ 25.05.19-ല്‍ നഗരസഭ നല്‍കിയ സ്റ്റോപ്പ് മെമ്മോ.
            7) 28-06-2019-ല്‍ ഞാന്‍ അങ്ങയ്ക്ക് നല്‍കിയ പരാതി.

1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം വില്ലേജില്‍, ബ്ലോക്ക് 134 - ല്‍ 20, 20/3, 20/6, 20/7, 55 എന്നീ റീസര്‍വ്വേ നമ്പരില്‍ പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം, അബു സി എബ്രഹാമും അസറ്റ് ഹോംസും സംയുക്തമായി നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ഫ്ലാറ്റിന് വേണ്ടി, പെര്‍മിറ്റ്‌ എടുത്തതിലും അനധികൃതമായി മണ്ണ് നീക്കം ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലും നടന്നിട്ടുള്ള അതീവ ഗുരുതരങ്ങളായ നിയമ ലംഘനങ്ങളും അഴിമതിയും  ബഹു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വരെ  അട്ടിമറിച്ചതും സംബന്ധിച്ചാണ് ഈ പരാതി.

 2. സോണല്‍ വയലേഷന്‍സ് :- ടൌണ്‍ പ്ലാനിംഗ് സ്കീമിന് വിരുദ്ധമായി റസിഡന്‍ഷ്യല്‍ സോണില്‍, കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് പെര്‍മിറ്റ്‌  നല്‍കിയതിലെ ക്രമക്കേടുകള്‍  സംബന്ധിച്ച്  സൂചന 7 പ്രകാരം ഞാന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. .

3. ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കിയതിലെ ക്രമക്കേടുകള്‍ :-  കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗിനായി മണ്ണ് നീക്കം ചെയ്യുന്നതിനായി ജിയോളജി വകുപ്പില്‍ നല്‍കുന്നതിനായി മുനിസിപ്പാലിറ്റിയില്‍ നിന്നും സമ്മതപത്രം നല്കണമെന്ന് ആവശ്യപ്പെട്ട്, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ 28.09.2016-ല്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. KMBR Rule 11A പ്രകാരമുള്ള അപേക്ഷയും ഡവലപ്പ്‌മെന്‍റ് പ്ലാനും സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് ടി അപേക്ഷയ്ക്ക് 23.11.2016­-ല്‍ നഗരസഭ മറുപടി നല്കിയിരുന്നു.
    അതിന് ശേഷം, ടി ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള  പ്രകാരം ഖനനത്തിന്റെ ആഴവും നിലയും കാണിക്കുന്ന അളവോട് കൂടിയ പ്ലാനുകള്‍ സെക്ഷണല്‍ ഡ്രോയിംഗുകള്‍,  സംരക്ഷണ നടപടികളുടെ വിവരണങ്ങള്‍, കോളങ്ങള്‍, ബീമുകള്‍, സ്ലാബുകള്‍, പൈലുകള്‍ എന്നിവയുടെ വിശദാംശങ്ങളും ഡ്രോയിംഗുകളും എന്നിവ ഒന്നും ഹാജരാക്കാതെ നല്‍കിയ അപേക്ഷയിലാണ്, കൈക്കൂലി വാങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വില്ലേജില്‍ നിന്നുള്ള NOC പോയിട്ട് ഒരു പ്രോപ്പര്‍ അപേക്ഷ പോലും ഇല്ലാതെയാണ്‌ ടി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കിയിട്ടുള്ളത്.
    ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കിയത് കൂടാതെ അന്നേ ദിവസം തന്നെ, മണ്ണ് നീക്കം ചെയ്യുന്നതിനായി ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും നഗരസഭ ജിയോളജി വകുപ്പിലേക്ക് നല്‍കിയിട്ടുണ്ട്. ഇത് എന്തിനാണ് എന്ന ചോദ്യവും നില നില്ക്കുന്നു. ഇതേ കാലയളവില്‍ തന്നെ,  Rule 11A പ്രകാരം എല്ലാ നടപടിക്രമങ്ങളും പാലിച്ച് കോട്ടയം നഗരസഭ ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കിയതിനും തെളിവുകള്‍ ഉണ്ട്. (ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതാണ്).

4. വ്യാജ ഒപ്പ് :-  ടി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ ലഭിക്കാനായി  അബു. സി എബ്രഹാമിന്റെ പേരില്‍ നഗരസഭയില്‍ 13.01.17-ല്‍ ഹാജരാക്കിയിട്ടുള്ള അപേക്ഷയിലെ ഒപ്പ് വ്യാജമാണ്. കൂടാതെ, ടി ഫയലില്‍ അബു. സി എബ്രഹാമിന്റെ പേരില്‍ ഹാജരാക്കപ്പെട്ടിട്ടുള്ള പല അപേക്ഷകളിലേയും മറുപടി കത്തുകളിലേയും ഒപ്പ് വ്യാജമാണ്. പെര്‍മിറ്റ്‌ പുതുക്കാനായി 18.06.2019-ല്‍ നല്‍കിയ അപേക്ഷയിലെ ഒപ്പും വ്യാജമാണ്. പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയതായി രേഖകളില്ല, മാത്രവുമല്ല, ഓരോ ഒപ്പും വിത്യസ്തമായതില്‍ നിന്നും അവ മറ്റാരോ ആണ് ഇടുന്നത് എന്ന കാര്യം വ്യക്തമാണ്. ടി അപേക്ഷകള്‍ എല്ലാം തന്നെ നഗരസഭ ഒരു പരിശോധനയും കൂടാതെ അനുവദിച്ച് കൊടുക്കുകയായിരുന്നു.

5. സെറ്റ്ബാക്ക് ഇല്ലാതെ മണ്ണ് എടുത്തത് :-  അതിരില്‍ നിന്നും അഞ്ച് മീറ്റര്‍ മാറി മണ്ണ് മാറ്റുന്നതിനാണ് ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കിയിരിക്കുന്നത് എന്ന് കുറിപ്പ് ഫയലില്‍ നിന്നും വളരെ വ്യക്തമാണ്. എന്നാല്‍, ഒരു അടിപോലും സെറ്റ്ബാക്ക് ഇടാതെയാണ്, ശ്രീ എം.റ്റി. പുന്നൂസിന്റെ അതിരിനോട് ചേര്‍ന്ന്  പത്ത് മീറ്ററോളം ആഴത്തില്‍ മണ്ണ് ഖനനം ചെയ്തിരിക്കുന്നത്.
6. അനുവദനീയമായതില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തത്.  2.70 m ആഴത്തില്‍ 805.80 ചതുരശ്ര മീറ്റര്‍  സ്ഥലത്തെ മണ്ണ് മാറ്റുന്നതിനാണ് ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കിയിരിക്കുന്നത്. എന്നാല്‍, ആഴം മുന്‍വശത്തെ പ്രധാന റോഡിനോട് ചേര്‍ന്ന് വരുന്ന കുറച്ച് ഭാഗത്തെ ഗ്രൗണ്ട് ലെവലിന് ആനുപാതികമായി ഉള്ള കണക്ക് മാത്രമാണ്.   പ്ലോട്ടിന് തെക്ക് - പടിഞ്ഞാറ് ഭാഗത്ത് അതിര് പങ്കിടുന്ന എം.റ്റി. പുന്നൂസിന്റെ പുരയിടത്തിനോട് ചേര്‍ന്ന്‍ ഒരേ നിരപ്പില്‍ കിടന്ന സ്ഥലത്ത് നിന്നാണ് പത്ത് മീറ്ററിലധികം ആഴത്തില്‍ മണ്ണ് എടുത്തിരിക്കുന്നത്. ടി പ്ലോട്ടിന് വടക്ക്-പടിഞ്ഞാറ് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണിന്റെ അളവ് പരിശോധിച്ചാല്‍, ഇക്കാര്യം വ്യക്തമാകുന്നതാണ്.

7. ജിയോളജിസ്റ്റിന് നല്‍കിയ പരാതി :- വ്യാജ രേഖകള്‍ ചമച്ചും മൈനിംഗ് & ജിയോളജി ഉദ്യോഗസ്ഥരെ കബളിപ്പിച്ചുമാണ് ടി നീക്കം ചെയ്ത മണ്ണ് പുറത്ത് കൊണ്ട് പോകാനായി ട്രാന്‍സിറ്റ് പാസ് നേടിയത് എന്ന് കാണിച്ച് ജില്ലാ ജിയോളജിസ്റ്റിന് ഞാന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് Exhibit P1 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു.

8.  ബഹു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് :- നിര്‍മ്മാണ പ്രവൃത്തിയെ തുടര്‍ന്ന് പല വീടുകളും അപകടാവസ്ഥയിലാവുകയും പ്രദേശവാസികള്‍ക്ക് റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് കൊടുത്തശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂ എന്ന് നഗരസഭയും ആര്‍.ഡി.ഒ-യും നിരവധി ഉത്തരവ് / സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിര്‍ബാധം തുടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസിയായ ശ്രീമതി അന്നമ്മ ചാക്കോ സൂചന ഒന്ന് പ്രകാരം ബഹു: ഹൈക്കോടതിയെ സമീപിച്ച്, സൂചന 6-ലെ സ്റ്റോപ്പ് മെമ്മോ നടപ്പാക്കാന്‍ അനുകൂല ഇടക്കാല ഉത്തരവ് 02.08.19-ല്‍ നേടിയെങ്കിലും, ആയത് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അട്ടിമറിച്ചു.

9. ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചത് :- പെര്‍മിറ്റ്‌ പുതുക്കുന്നതിനായി അബു. സി. എബ്രഹാം നല്‍കിയ അപേക്ഷ കൈകാര്യം ചെയ്ത ഫയലില്‍, ടി ഹൈക്കോടതിയിലെ കേസില്‍ നഗരസഭ സ്റ്റേറ്റ്മെന്റ് നല്കിയതുമായി ബന്ധപ്പെട്ട്, 09.08.19 തീയതിയിലെ കുറിപ്പില്‍ ഓവര്‍സിയര്‍ ശ്രുതി എസ്  ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

"........... നഗരസഭ സെക്രട്ടറിയുടെ ചേംബറില്‍ 25/06/19-ല്‍ പരാതിക്കാരേയും Asset Homes ന്റെ പ്രതിനിധികളേയും ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മിനിട്സ് തീരുമാനം No 3 പ്രകാരം Asset Homes -ന്റെ Back side-ലെ മണ്ണിടിഞ്ഞത് സംബന്ധിച്ച് College of Engineering, Trivandrum -ന്റെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കിയശേഷം ഉത്തരവാദിയായവരെ കൊണ്ട് retaining wall നിര്‍മ്മിക്കുന്നതിന് തീരുമാനമായിട്ടുള്ളതാണ്. ആയതിന് ശേഷം 18/07/19 -ന് അസറ്റ് ഹോംസ് തന്ന കത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തുകയും, തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ 27/07/19-ല്‍ stop memo (dtd 25.05.19) റദ്ദ് ചെയ്തിട്ടുള്ളതുമാണ്. മേല്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു"

    വിവരാവകാശ നിയമം വഴി ലഭിച്ച ഫയല്‍ കുറിപ്പുകളും രേഖകളും പരിശോധിച്ചതില്‍ നിന്നും, ഓവര്‍സിയര്‍ ശ്രുതി സ്ഥല പരിശോധന നടത്തി റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് നല്‍കിയത് 5.08.19-ല്‍ ആണെന്നതിന് തെളിവുണ്ട്.  മാത്രവുമല്ല, പെര്‍മിറ്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍, പരാതിക്കാരനായ ശ്രീ പുന്നൂസുമായി ചര്‍ച്ച ചെയ്ത വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ശ്രീ പുന്നൂസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 25.05.19-ല്‍ നഗരസഭ  നല്‍കിയ സ്റ്റോപ്പ് മെമ്മോ, 27.07.19-ല്‍ റദ്ദാക്കിയതായോ റദ്ദാക്കാന്‍ തീരുമാനിച്ച കാര്യകാരണങ്ങള്‍ സംബന്ധിച്ചോ യാതൊരുവിധ പരാമര്‍ശങ്ങളും ഇല്ലാത്തതാകുന്നു.
    അതായത്, ബഹു: ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുവാനായി,  ടി സ്റ്റോപ്പ് മെമ്മോ നേരത്തെ റദ്ദാക്കിയതായി വ്യാജമായി ഫയലില്‍ എഴുതി ചേര്‍ന്ന്     നഗരസഭ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കുകയും നിര്‍മ്മാണ പ്രവൃത്തി തുടരാന്‍ അവസരം ഉണ്ടാക്കുകയുമായിരുന്നു. മാത്രവുമല്ല, ടി സ്റ്റോപ്പ് മെമ്മോ നല്‍കിയ വിവരം പരാതിക്കാരനായ ശ്രീ എം.റ്റി. പുന്നൂസിനെ അറിയിച്ചിരുന്നു എങ്കിലും ആയത് റദ്ദാക്കിയ വിവരം നാളിതുവരെ ടിയാനെ അറിയിച്ചിട്ടില്ല. പ്രസ്തുത പ്ലോട്ടിലെ നിര്‍മ്മാണ പ്രവൃത്തിമൂലം മണ്ണിടിഞ്ഞതുമായി ബന്ധപ്പെട്ട്  പരാതികള്‍ നല്കിയിരിക്കുന്ന  മറ്റ് പരാതിക്കാരെ ആരേയും വിളിക്കാതെ, 25/06/19-ല്‍ ശ്രീ എം.റ്റി. പുന്നൂസുമായി മാത്രം നഗരസഭ ഇടപെട്ട് ചര്‍ച്ച നടത്തിയതിന് പിന്നിലും ദുരുദ്ദേശം മാത്രമാണ്.
    കൂടാതെ, 2017 മുതല്‍ പ്രദേശവാസിയായ ശ്രീ എം.പി. ജോസഫ് നല്‍കിയ പരാതികളില്‍ നിരവധി സ്റ്റോപ്പ് മെമ്മോകള്‍ നഗരസഭ നല്‍കിയിട്ടുള്ളതും ആയതില്‍ ഒന്നു പോലും നാളിതുവരെ റദ്ദാക്കിയിട്ടില്ലാത്തതുമാണ്. ടി സ്റ്റോപ്പ് മെമ്മോകള്‍ നില നില്ക്കെ തന്നെയാണ് 9 നിലകള്‍ ഉള്ള ഒരു ടവറിന്റെ നിര്‍മ്മാണം ബില്‍ഡര്‍ പൂര്‍ത്തിയാക്കിയത്.

8. പരാതികളില്‍ നടപടി എടുക്കാതെ നഗരസഭ :-  അംഗീകരിച്ച പ്ലാനില്‍ നിന്നും വ്യതിചലിച്ച് നടത്തിയ ടി നിര്‍മ്മാണത്തിലെ ചട്ടലംഘനങ്ങളും പെര്‍മിറ്റ്‌ നല്‍കിയതിലെ അപാകതകളും ചൂണ്ടിക്കാട്ടി  പ്രദേശവാസികള്‍ നല്‍കിയ പരാതികളില്‍ ഒന്നില്‍ പോലും കാര്യമായ നടപടി എടുക്കാതെ ഉദ്യോഗസ്ഥര്‍ അസറ്റ് ഹോംസിന് ഒത്താശ  ചെയ്യുകയായിരുന്നു. കൂടാതെ, ടി പെര്‍മിറ്റ്‌ പുതുക്കുന്നതിനെതിരെ പലരും പല പരാതികളും നഗരസഭയില്‍ നല്‍കിയിരുന്നു. ടി പെര്‍മിറ്റ്‌ 14.08.19-ല്‍ പുതുക്കി നല്‍കിയപ്പോള്‍, ടി പരാതികള്‍ പരിഗണിച്ചതായോ ടി പരാതികള്‍ സംബന്ധിച്ച യാതൊരുവിധ പരാമര്‍ശങ്ങളോ പെര്‍മിറ്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല. ടി നിര്‍മ്മാണത്തിനെതിരെ നല്‍കിയ സ്റ്റോപ്പ് മെമ്മോകള്‍ സംബന്ധിച്ചും യാതൊരുവിധ പരാമര്‍ശങ്ങളും റിന്യൂ ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല.
  
9. ഒറ്റ ഫയലായി പരിഗണിക്കാതിരുന്നത് :- പെര്‍മിറ്റ്‌ നല്‍കിയത്, പരാതികള്‍ ലഭിച്ചത്, സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയത്, പെര്‍മിറ്റ്‌ റിന്യൂ ചെയ്തത് എന്നിവ ഒരൊറ്റ ഫയലായി പരിഗണിക്കുന്നതിന് പകരം, പരസ്പരം ലിങ്ക് ചെയ്യാതെ വെവ്വേറെ ഫയലായി കൈകാര്യം ചെയ്തും ശരിയായ വിധം ഫയല്‍ എഴുതാതെയും ബില്‍ഡര്‍ക്ക് നിയമലംഘനം തുടരാനും പെര്‍മിറ്റ്‌ പുതുക്കാനും അനുകൂല സാഹചര്യം ഉണ്ടാക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ടി ഫ്ലാറ്റിന് അനുമതി നല്‍കിയതില്‍ മുന്‍ സെക്രട്ടറി (ഇന്‍ചാര്‍ജ്) പി.പി. മോഹനന്റെ കാലത്ത് ആണ് ആദ്യം ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ടിയാന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ട് മുന്‍പ് ചട്ടം ലംഘിച്ച് നിരവധി കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയിരുന്നു. ആയത് സംബന്ധിച്ച് വിജിലന്‍സ് കേസും ഉള്ളതാണ്.

10. റിലീഫ്:  നിലവിലെ ക്രമക്കേടുകളിലും ഗൂഡാലോചനയിലും ഓവര്‍സിയര്‍ മുതല്‍ AEE വരെയുള്ളവര്‍ക്ക് വളരെ വ്യക്തമായ പങ്ക് ഉണ്ട്. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി, ടി ക്രമക്കേടുകള്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്നും തെറ്റായി നേടിയ പെര്‍മിറ്റ്‌ റദ്ദാക്കണമെന്നും വ്യാജ ഒപ്പിട്ട് പെര്‍മിറ്റ്‌ നേടിയ വിഷയത്തില്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനും ക്രമക്കേടുകള്‍ക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമം അനുശാസിക്കുന്ന എല്ലാവിധ മേല്‍നടപടികളും സ്വീകരിക്കണമെന്നും അങ്ങയുടെ ഓഫീസില്‍ മേലില്‍ സമര്‍പ്പിക്കപ്പെടുന്ന എല്ലാ നിര്‍ണായക രേഖകളിലേയും ഒപ്പുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും  താഴ്മയായി അപേക്ഷിക്കുന്നു.

                                         എന്ന് വിശ്വസ്തതയോടെ           
        
കോട്ടയം
02-12-2019      
                                       Mahesh Vijayan
                                       RTI & Human Rights Activist
Enclosure(s):

Exhibit P1 - ജിയോളജിസ്റ്റിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്.


Tuesday 14 January 2020

അസറ്റ് ഹോംസിന്റെ ഫ്ലാറ്റ് നിര്‍മ്മാണം - മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

അസറ്റ് ഹോംസിന്റെ ഫ്ലാറ്റ് നിര്‍മ്മാണം - മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

മനോരമയില്‍ 11-01-2020-ല്‍ വന്ന വാര്‍ത്ത.