Friday 11 September 2020

അസറ്റ് ഹോസ് : ഫ്ലാറ്റ് നിര്‍മ്മാണം തടഞ്ഞ് കൊണ്ടുള്ള ബഹു: ഹൈക്കോടതിയുടെ ഉത്തരവ്

നിയമവാഴ്ചയെ വെല്ലുവിളിച്ച് അസറ്റ് ഹോസ് നടത്തിക്കൊണ്ടിരുന്ന കോട്ടയത്തെ ഫ്ലാറ്റ് നിര്‍മ്മാണം തടഞ്ഞ് കൊണ്ടുള്ള ബഹു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍.
 
മണ്ണ് ഖനനം ചെയ്യുന്നതിനുള്ള ഡവലപ്പ്മെന്റ് പെര്‍മിറ്റ്‌ ആദ്യമേ എടുക്കാതെ ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ നല്‍കിയത് സംബന്ധിച്ച് കോട്ടയം നഗരസഭാ സെക്രട്ടറി വിശദീകരിക്കണം നല്‍കണം. അസറ്റ് ഹോംസിന് ഖനനാനുമതി (ക്വാറിയിംഗ് പെര്‍മിറ്റ്‌)  നല്‍കിയിട്ടുണ്ടോ എന്നും മണ്ണ് പുറത്തേക്ക് കൊണ്ട് പോകാന്‍ ട്രാന്‍സിറ്റ് പാസ്സ് നല്‍കിയത് നിയമാനുസൃതമാണോ എന്നും എപ്രകാരമാണ് മണ്ണിന്‍റെ അളവ് നിശ്ചയിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജിയോളജിസ്റ്റിനോടും കോടതി ആവശ്യപ്പെട്ടു.  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ ടവറിന് മാത്രമായി കമ്പ്ലീഷന്‍ നല്‍കുന്നതും കോടതി തടഞ്ഞിട്ടുണ്ട്.  ആദ്യടവറിന്റെ ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്നതിനായി ഇറക്കിയ ലക്ഷക്കണക്കിന്‌ രൂപയുടെ സാധനങ്ങള്‍ നശിച്ച് പോകുമെന്ന് കാണിച്ച് അസറ്റ് ഹോംസ് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍, ടി ഉത്തരവില്‍ പിന്നീട് ചെറിയ ഭേദഗതി വരുത്തി അകത്തെ വര്‍ക്ക് മാത്രം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.  രണ്ടാമത്തെ ടവറിന്റെ നിര്‍മ്മാണം, സ്വിമ്മിംഗ് പൂള്‍, റിക്രിയേഷണല്‍ ഏരിയ, അണ്ടര്‍ഗ്രൌണ്ട് പാര്‍ക്കിംഗ് തുടങ്ങിയ പുറത്തുള്ള എല്ലാവിധ നിര്‍മ്മാണങ്ങളും കോടതി തടഞ്ഞവയില്‍ പെടുന്നു. പ്രദേശവാസിയായ 75 വയസ്സുള്ള മാളിയേക്കല്‍ വീട്ടില്‍ എം.പി. ജോസഫ്  അഡ്വ: ജോമി കെ. ജോസ് മുഖേന നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. 


പുത്തനങ്ങാടിയിലെ ടി പ്ലോട്ട് ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്നും ഇനിയും എപ്പോള്‍ വേണേലും മണ്ണിടിച്ചില്‍ ഉണ്ടാകാം എന്നും കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം നടത്തി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഫ്ലാറ്റിന് ചുറ്റും നൂറടി ഉയരത്തില്‍ നില്‍ക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പക്ഷം പ്രദേശവാസികളുടെ മാത്രമല്ല ഫ്ലാറ്റ് വാങ്ങുന്നവരുടെ ജീവനും അപകടത്തിലാകും. 2018 ജൂലൈയില്‍ (മഹാപ്രളയത്തിന് ഒരു മാസം മുന്‍പ്) പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും അഞ്ച് വീടുകള്‍ അപകടത്തിലാകുകയും ചെയ്തിരുന്നു. പലരെയും അസറ്റ് ഹോംസ് ഇടപെട്ട് മാറ്റി താമസിപ്പിച്ചു. പ്ലോട്ടിന് ചുറ്റും നൂറടി ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടേണ്ട ഉത്തരവാദിത്വം ഫ്ലാറ്റ് വാങ്ങുന്നവരുടെ തലയില്‍ ചാരി രക്ഷപെടാനാണ്  അസറ്റ് ഹോംസ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. ആദ്യ ടവറില്‍ ഫ്ലാറ്റിന്റെ താക്കോല്‍ കിട്ടിയാലും കേസ് തീരുന്നതുവരെ ആര്‍ക്കും ഒക്കുപന്‍സി കിട്ടില്ല.

ഹര്‍ജിക്കാരനായ എം.പി. ജോസഫ് നാല് വര്‍ഷമായി നല്‍കിയ നിരവധി പരാതികളില്‍ ഓരോന്നിലും നഗരസഭയും ആര്‍.ഡി.ഒ-യും സ്റ്റോപ്പ് മെമ്മോകള്‍  നല്‍കിയെങ്കിലും മൌനമായി കോട്ടയം നഗരസഭ അനധികൃത നിര്‍മാണ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ഞാന്‍ വിഷയത്തില്‍ ഇടപെടുന്നതും വിവരാവകാശ നിയമപ്രകാരം മുഴുവന്‍ രേഖകളും എടുത്ത് പഠിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം അനധികൃതമാണെന്ന് കണ്ടെത്തിയതും. പ്ലോട്ടില്‍ നിന്നും അനധികൃതമായി ഖനനം ചെയ്ത ഉദ്ദേശം ആയിരം ലോഡ് മണ്ണ് പുറത്ത് കൊണ്ട് പോകുന്നത് ഞാനിടപെട്ടു തടഞ്ഞതിന് പിന്നാലെയാണ് കഴിഞ്ഞ ജനുവരിയില്‍ നഗരസഭയിലെ കരാറുകാരായ ഗുണ്ടകള്‍ എനിക്ക് നേരെ ആക്രമണ പരമ്പര തന്നെ  നടത്തിയത്. ഇതിനിടെ അസറ്റ് ഹോംസിനെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്തി എന്ന് പറഞ്ഞ് എനിക്കെതിരെ ഒരു ക്രിമിനല്‍  കേസും അസറ്റ് ഹോംസ് കൊച്ചിയില്‍ ഫയല്‍ ചെയ്തിരുന്നു.

അസറ്റ് ഹോംസ് നടത്തിയ നിയമലംഘനങ്ങള്‍ എണ്ണിപ്പറയുന്ന പന്ത്രണ്ട് പേജുള്ള ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ  ക്ലിക്ക് ചെയ്യുക.