Wednesday 12 August 2020

കോട്ടയത്തെ അസ്സറ്റ്‌ ഹോംസ് ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്.



കോട്ടയം പുത്തനങ്ങാടിയിലെ അസ്സറ്റ്‌ ഹോംസ് ഫ്ലാറ്റ് നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കാന്‍ ബഹു: ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടുകളും അപകടാവസ്ഥയും ചൂണ്ടിക്കാട്ടി  പ്രദേശവാസിയായ ശ്രീ എം.പി. ജോസഫ്,  അഡ്വ: ജോമി കെ. ജോസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ്  ഹൈക്കോടതി ഉത്തരവ്. (WP(C).No.15279/2020).

ഫ്ലാറ്റിനായി കോട്ടയം നഗരസഭ ബില്‍ഡിംഗ്  പെര്‍മിറ്റ്‌, ഡവലപ്പ്മെന്റ് പെര്‍മിറ്റ്‌ എന്നിവ നല്‍കിയതിലും ക്വാറിയിംഗ് പെര്‍മിറ്റ്‌ ഇല്ലാതെ മണ്ണെടുത്തതിലും ക്രമക്കേടുകള്‍ ഉള്ളതായി കോടതി നിരീക്ഷിച്ചു. പ്ലോട്ട് ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാതെയാണ് ബില്‍ഡിംഗ്  പെര്‍മിറ്റ്‌ നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശത്താണ് ഫ്ലാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ആര്‍.ഐ.ടി., എഞ്ചിനീയറിംഗ് കോളേജ് പാമ്പാടിയില്‍ നിന്നുള്ള വിദഗ്ധ സമിതി നഗരസഭ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള അസറ്റ് ഹോംസിന്റെ നിര്‍മ്മാണം മൂലം പ്രദേശത്തെ ഏഴോളം പുരയിടങ്ങള്‍ അപകടത്തിലായിരുന്നു. നിര്‍മ്മാണത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെയും സംരക്ഷണഭിത്തി വേണം എന്ന ആവശ്യവുമായും  74 വയസ്സുള്ള ശ്രീ എം.പി. ജോസഫ് 2016 മുതല്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ്. തുടര്‍ന്ന് നിരവധി സ്റ്റോപ്പ് മെമ്മോകള്‍ ബില്‍ഡര്‍ക്ക് നല്‍കിയിരുന്നെങ്കിലും അതെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി. ഇതിനിടെ, രണ്ട് ടവറുകള്‍ ഉള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യ ടവര്‍ നിര്‍മ്മാണം നഗരസഭയുടെ ഒത്താശയോട് കൂടി പൂര്‍ത്തിയാക്കി.

രണ്ടാമത്തെ ടവറിനായി മണ്ണെടുപ്പ് നടത്താന്‍ അസറ്റ് ഹോംസ് ശ്രമിക്കുന്നതിനിടെയാണ് നിര്‍മ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തത്. നിലവില്‍ ആറാഴ്ചത്തേയ്ക്കാണ് നിരോധനം.  ആദ്യ ടവറിന് മാത്രമായി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കോടതി തടഞ്ഞിട്ടുണ്ട്.