Showing posts with label അസറ്റ് ഹോംസ്. Show all posts
Showing posts with label അസറ്റ് ഹോംസ്. Show all posts

Thursday, 23 January 2020

അസറ്റ് ഹോംസ് ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിലെ അതീവ ഗുരുതരങ്ങളായ ക്രമക്കേടുകളും അഴിമതിയും

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    Mo: +91 93425 02698

To
    Secretary
    Kottayam Municipality - 686001

Sir,
             വിഷയം: കോട്ടയം പുത്തനങ്ങാടിയില്‍ അബു സി എബ്രഹാമും അസറ്റ് ഹോംസും സംയുക്തമായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിലെ അതീവ ഗുരുതരങ്ങളായ ക്രമക്കേടുകളും അഴിമതിയും ഹൈക്കോടതി ഉത്തരവ് വരെ അട്ടിമറിച്ചതും സംബന്ധിച്ച പരാതി.

            സൂചന: 1) ബഹു: ഹൈക്കോടതിയുടെ 10.10.19 -ലെ ഉത്തരവ് - WP(C).No.21157/19
               2) കോട്ടയം നഗരസഭയുടെ Building Permit Number PW4-BA/144/16-17
            3) 13-02-2017 -ലെ നഗരസഭയുടെ ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌
              4) 27.01.17 മുതല്‍ 25.05.19 വരെ നഗരസഭ നല്‍കിയ വിവിധ സ്റ്റോപ്പ് മെമ്മോകള്‍.        
              5) മേല്‍ വിഷയത്തില്‍ അങ്ങയുടെ ഓഫീസിലെ വിവിധ പരാതികള്‍
              6)  ശ്രീ എം.റ്റി. പുന്നൂസിന്റെ പരാതിയിന്മേല്‍ 25.05.19-ല്‍ നഗരസഭ നല്‍കിയ സ്റ്റോപ്പ് മെമ്മോ.
            7) 28-06-2019-ല്‍ ഞാന്‍ അങ്ങയ്ക്ക് നല്‍കിയ പരാതി.

1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം വില്ലേജില്‍, ബ്ലോക്ക് 134 - ല്‍ 20, 20/3, 20/6, 20/7, 55 എന്നീ റീസര്‍വ്വേ നമ്പരില്‍ പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം, അബു സി എബ്രഹാമും അസറ്റ് ഹോംസും സംയുക്തമായി നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ഫ്ലാറ്റിന് വേണ്ടി, പെര്‍മിറ്റ്‌ എടുത്തതിലും അനധികൃതമായി മണ്ണ് നീക്കം ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലും നടന്നിട്ടുള്ള അതീവ ഗുരുതരങ്ങളായ നിയമ ലംഘനങ്ങളും അഴിമതിയും  ബഹു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വരെ  അട്ടിമറിച്ചതും സംബന്ധിച്ചാണ് ഈ പരാതി.

 2. സോണല്‍ വയലേഷന്‍സ് :- ടൌണ്‍ പ്ലാനിംഗ് സ്കീമിന് വിരുദ്ധമായി റസിഡന്‍ഷ്യല്‍ സോണില്‍, കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് പെര്‍മിറ്റ്‌  നല്‍കിയതിലെ ക്രമക്കേടുകള്‍  സംബന്ധിച്ച്  സൂചന 7 പ്രകാരം ഞാന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. .

3. ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കിയതിലെ ക്രമക്കേടുകള്‍ :-  കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗിനായി മണ്ണ് നീക്കം ചെയ്യുന്നതിനായി ജിയോളജി വകുപ്പില്‍ നല്‍കുന്നതിനായി മുനിസിപ്പാലിറ്റിയില്‍ നിന്നും സമ്മതപത്രം നല്കണമെന്ന് ആവശ്യപ്പെട്ട്, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ 28.09.2016-ല്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. KMBR Rule 11A പ്രകാരമുള്ള അപേക്ഷയും ഡവലപ്പ്‌മെന്‍റ് പ്ലാനും സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് ടി അപേക്ഷയ്ക്ക് 23.11.2016­-ല്‍ നഗരസഭ മറുപടി നല്കിയിരുന്നു.
    അതിന് ശേഷം, ടി ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള  പ്രകാരം ഖനനത്തിന്റെ ആഴവും നിലയും കാണിക്കുന്ന അളവോട് കൂടിയ പ്ലാനുകള്‍ സെക്ഷണല്‍ ഡ്രോയിംഗുകള്‍,  സംരക്ഷണ നടപടികളുടെ വിവരണങ്ങള്‍, കോളങ്ങള്‍, ബീമുകള്‍, സ്ലാബുകള്‍, പൈലുകള്‍ എന്നിവയുടെ വിശദാംശങ്ങളും ഡ്രോയിംഗുകളും എന്നിവ ഒന്നും ഹാജരാക്കാതെ നല്‍കിയ അപേക്ഷയിലാണ്, കൈക്കൂലി വാങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വില്ലേജില്‍ നിന്നുള്ള NOC പോയിട്ട് ഒരു പ്രോപ്പര്‍ അപേക്ഷ പോലും ഇല്ലാതെയാണ്‌ ടി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കിയിട്ടുള്ളത്.
    ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കിയത് കൂടാതെ അന്നേ ദിവസം തന്നെ, മണ്ണ് നീക്കം ചെയ്യുന്നതിനായി ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും നഗരസഭ ജിയോളജി വകുപ്പിലേക്ക് നല്‍കിയിട്ടുണ്ട്. ഇത് എന്തിനാണ് എന്ന ചോദ്യവും നില നില്ക്കുന്നു. ഇതേ കാലയളവില്‍ തന്നെ,  Rule 11A പ്രകാരം എല്ലാ നടപടിക്രമങ്ങളും പാലിച്ച് കോട്ടയം നഗരസഭ ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കിയതിനും തെളിവുകള്‍ ഉണ്ട്. (ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതാണ്).

4. വ്യാജ ഒപ്പ് :-  ടി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ ലഭിക്കാനായി  അബു. സി എബ്രഹാമിന്റെ പേരില്‍ നഗരസഭയില്‍ 13.01.17-ല്‍ ഹാജരാക്കിയിട്ടുള്ള അപേക്ഷയിലെ ഒപ്പ് വ്യാജമാണ്. കൂടാതെ, ടി ഫയലില്‍ അബു. സി എബ്രഹാമിന്റെ പേരില്‍ ഹാജരാക്കപ്പെട്ടിട്ടുള്ള പല അപേക്ഷകളിലേയും മറുപടി കത്തുകളിലേയും ഒപ്പ് വ്യാജമാണ്. പെര്‍മിറ്റ്‌ പുതുക്കാനായി 18.06.2019-ല്‍ നല്‍കിയ അപേക്ഷയിലെ ഒപ്പും വ്യാജമാണ്. പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയതായി രേഖകളില്ല, മാത്രവുമല്ല, ഓരോ ഒപ്പും വിത്യസ്തമായതില്‍ നിന്നും അവ മറ്റാരോ ആണ് ഇടുന്നത് എന്ന കാര്യം വ്യക്തമാണ്. ടി അപേക്ഷകള്‍ എല്ലാം തന്നെ നഗരസഭ ഒരു പരിശോധനയും കൂടാതെ അനുവദിച്ച് കൊടുക്കുകയായിരുന്നു.

5. സെറ്റ്ബാക്ക് ഇല്ലാതെ മണ്ണ് എടുത്തത് :-  അതിരില്‍ നിന്നും അഞ്ച് മീറ്റര്‍ മാറി മണ്ണ് മാറ്റുന്നതിനാണ് ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കിയിരിക്കുന്നത് എന്ന് കുറിപ്പ് ഫയലില്‍ നിന്നും വളരെ വ്യക്തമാണ്. എന്നാല്‍, ഒരു അടിപോലും സെറ്റ്ബാക്ക് ഇടാതെയാണ്, ശ്രീ എം.റ്റി. പുന്നൂസിന്റെ അതിരിനോട് ചേര്‍ന്ന്  പത്ത് മീറ്ററോളം ആഴത്തില്‍ മണ്ണ് ഖനനം ചെയ്തിരിക്കുന്നത്.
6. അനുവദനീയമായതില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തത്.  2.70 m ആഴത്തില്‍ 805.80 ചതുരശ്ര മീറ്റര്‍  സ്ഥലത്തെ മണ്ണ് മാറ്റുന്നതിനാണ് ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കിയിരിക്കുന്നത്. എന്നാല്‍, ആഴം മുന്‍വശത്തെ പ്രധാന റോഡിനോട് ചേര്‍ന്ന് വരുന്ന കുറച്ച് ഭാഗത്തെ ഗ്രൗണ്ട് ലെവലിന് ആനുപാതികമായി ഉള്ള കണക്ക് മാത്രമാണ്.   പ്ലോട്ടിന് തെക്ക് - പടിഞ്ഞാറ് ഭാഗത്ത് അതിര് പങ്കിടുന്ന എം.റ്റി. പുന്നൂസിന്റെ പുരയിടത്തിനോട് ചേര്‍ന്ന്‍ ഒരേ നിരപ്പില്‍ കിടന്ന സ്ഥലത്ത് നിന്നാണ് പത്ത് മീറ്ററിലധികം ആഴത്തില്‍ മണ്ണ് എടുത്തിരിക്കുന്നത്. ടി പ്ലോട്ടിന് വടക്ക്-പടിഞ്ഞാറ് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണിന്റെ അളവ് പരിശോധിച്ചാല്‍, ഇക്കാര്യം വ്യക്തമാകുന്നതാണ്.

7. ജിയോളജിസ്റ്റിന് നല്‍കിയ പരാതി :- വ്യാജ രേഖകള്‍ ചമച്ചും മൈനിംഗ് & ജിയോളജി ഉദ്യോഗസ്ഥരെ കബളിപ്പിച്ചുമാണ് ടി നീക്കം ചെയ്ത മണ്ണ് പുറത്ത് കൊണ്ട് പോകാനായി ട്രാന്‍സിറ്റ് പാസ് നേടിയത് എന്ന് കാണിച്ച് ജില്ലാ ജിയോളജിസ്റ്റിന് ഞാന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് Exhibit P1 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു.

8.  ബഹു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് :- നിര്‍മ്മാണ പ്രവൃത്തിയെ തുടര്‍ന്ന് പല വീടുകളും അപകടാവസ്ഥയിലാവുകയും പ്രദേശവാസികള്‍ക്ക് റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് കൊടുത്തശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂ എന്ന് നഗരസഭയും ആര്‍.ഡി.ഒ-യും നിരവധി ഉത്തരവ് / സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിര്‍ബാധം തുടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസിയായ ശ്രീമതി അന്നമ്മ ചാക്കോ സൂചന ഒന്ന് പ്രകാരം ബഹു: ഹൈക്കോടതിയെ സമീപിച്ച്, സൂചന 6-ലെ സ്റ്റോപ്പ് മെമ്മോ നടപ്പാക്കാന്‍ അനുകൂല ഇടക്കാല ഉത്തരവ് 02.08.19-ല്‍ നേടിയെങ്കിലും, ആയത് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അട്ടിമറിച്ചു.

9. ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചത് :- പെര്‍മിറ്റ്‌ പുതുക്കുന്നതിനായി അബു. സി. എബ്രഹാം നല്‍കിയ അപേക്ഷ കൈകാര്യം ചെയ്ത ഫയലില്‍, ടി ഹൈക്കോടതിയിലെ കേസില്‍ നഗരസഭ സ്റ്റേറ്റ്മെന്റ് നല്കിയതുമായി ബന്ധപ്പെട്ട്, 09.08.19 തീയതിയിലെ കുറിപ്പില്‍ ഓവര്‍സിയര്‍ ശ്രുതി എസ്  ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

"........... നഗരസഭ സെക്രട്ടറിയുടെ ചേംബറില്‍ 25/06/19-ല്‍ പരാതിക്കാരേയും Asset Homes ന്റെ പ്രതിനിധികളേയും ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മിനിട്സ് തീരുമാനം No 3 പ്രകാരം Asset Homes -ന്റെ Back side-ലെ മണ്ണിടിഞ്ഞത് സംബന്ധിച്ച് College of Engineering, Trivandrum -ന്റെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കിയശേഷം ഉത്തരവാദിയായവരെ കൊണ്ട് retaining wall നിര്‍മ്മിക്കുന്നതിന് തീരുമാനമായിട്ടുള്ളതാണ്. ആയതിന് ശേഷം 18/07/19 -ന് അസറ്റ് ഹോംസ് തന്ന കത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തുകയും, തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ 27/07/19-ല്‍ stop memo (dtd 25.05.19) റദ്ദ് ചെയ്തിട്ടുള്ളതുമാണ്. മേല്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു"

    വിവരാവകാശ നിയമം വഴി ലഭിച്ച ഫയല്‍ കുറിപ്പുകളും രേഖകളും പരിശോധിച്ചതില്‍ നിന്നും, ഓവര്‍സിയര്‍ ശ്രുതി സ്ഥല പരിശോധന നടത്തി റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് നല്‍കിയത് 5.08.19-ല്‍ ആണെന്നതിന് തെളിവുണ്ട്.  മാത്രവുമല്ല, പെര്‍മിറ്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍, പരാതിക്കാരനായ ശ്രീ പുന്നൂസുമായി ചര്‍ച്ച ചെയ്ത വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ശ്രീ പുന്നൂസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 25.05.19-ല്‍ നഗരസഭ  നല്‍കിയ സ്റ്റോപ്പ് മെമ്മോ, 27.07.19-ല്‍ റദ്ദാക്കിയതായോ റദ്ദാക്കാന്‍ തീരുമാനിച്ച കാര്യകാരണങ്ങള്‍ സംബന്ധിച്ചോ യാതൊരുവിധ പരാമര്‍ശങ്ങളും ഇല്ലാത്തതാകുന്നു.
    അതായത്, ബഹു: ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുവാനായി,  ടി സ്റ്റോപ്പ് മെമ്മോ നേരത്തെ റദ്ദാക്കിയതായി വ്യാജമായി ഫയലില്‍ എഴുതി ചേര്‍ന്ന്     നഗരസഭ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കുകയും നിര്‍മ്മാണ പ്രവൃത്തി തുടരാന്‍ അവസരം ഉണ്ടാക്കുകയുമായിരുന്നു. മാത്രവുമല്ല, ടി സ്റ്റോപ്പ് മെമ്മോ നല്‍കിയ വിവരം പരാതിക്കാരനായ ശ്രീ എം.റ്റി. പുന്നൂസിനെ അറിയിച്ചിരുന്നു എങ്കിലും ആയത് റദ്ദാക്കിയ വിവരം നാളിതുവരെ ടിയാനെ അറിയിച്ചിട്ടില്ല. പ്രസ്തുത പ്ലോട്ടിലെ നിര്‍മ്മാണ പ്രവൃത്തിമൂലം മണ്ണിടിഞ്ഞതുമായി ബന്ധപ്പെട്ട്  പരാതികള്‍ നല്കിയിരിക്കുന്ന  മറ്റ് പരാതിക്കാരെ ആരേയും വിളിക്കാതെ, 25/06/19-ല്‍ ശ്രീ എം.റ്റി. പുന്നൂസുമായി മാത്രം നഗരസഭ ഇടപെട്ട് ചര്‍ച്ച നടത്തിയതിന് പിന്നിലും ദുരുദ്ദേശം മാത്രമാണ്.
    കൂടാതെ, 2017 മുതല്‍ പ്രദേശവാസിയായ ശ്രീ എം.പി. ജോസഫ് നല്‍കിയ പരാതികളില്‍ നിരവധി സ്റ്റോപ്പ് മെമ്മോകള്‍ നഗരസഭ നല്‍കിയിട്ടുള്ളതും ആയതില്‍ ഒന്നു പോലും നാളിതുവരെ റദ്ദാക്കിയിട്ടില്ലാത്തതുമാണ്. ടി സ്റ്റോപ്പ് മെമ്മോകള്‍ നില നില്ക്കെ തന്നെയാണ് 9 നിലകള്‍ ഉള്ള ഒരു ടവറിന്റെ നിര്‍മ്മാണം ബില്‍ഡര്‍ പൂര്‍ത്തിയാക്കിയത്.

8. പരാതികളില്‍ നടപടി എടുക്കാതെ നഗരസഭ :-  അംഗീകരിച്ച പ്ലാനില്‍ നിന്നും വ്യതിചലിച്ച് നടത്തിയ ടി നിര്‍മ്മാണത്തിലെ ചട്ടലംഘനങ്ങളും പെര്‍മിറ്റ്‌ നല്‍കിയതിലെ അപാകതകളും ചൂണ്ടിക്കാട്ടി  പ്രദേശവാസികള്‍ നല്‍കിയ പരാതികളില്‍ ഒന്നില്‍ പോലും കാര്യമായ നടപടി എടുക്കാതെ ഉദ്യോഗസ്ഥര്‍ അസറ്റ് ഹോംസിന് ഒത്താശ  ചെയ്യുകയായിരുന്നു. കൂടാതെ, ടി പെര്‍മിറ്റ്‌ പുതുക്കുന്നതിനെതിരെ പലരും പല പരാതികളും നഗരസഭയില്‍ നല്‍കിയിരുന്നു. ടി പെര്‍മിറ്റ്‌ 14.08.19-ല്‍ പുതുക്കി നല്‍കിയപ്പോള്‍, ടി പരാതികള്‍ പരിഗണിച്ചതായോ ടി പരാതികള്‍ സംബന്ധിച്ച യാതൊരുവിധ പരാമര്‍ശങ്ങളോ പെര്‍മിറ്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല. ടി നിര്‍മ്മാണത്തിനെതിരെ നല്‍കിയ സ്റ്റോപ്പ് മെമ്മോകള്‍ സംബന്ധിച്ചും യാതൊരുവിധ പരാമര്‍ശങ്ങളും റിന്യൂ ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല.
  
9. ഒറ്റ ഫയലായി പരിഗണിക്കാതിരുന്നത് :- പെര്‍മിറ്റ്‌ നല്‍കിയത്, പരാതികള്‍ ലഭിച്ചത്, സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയത്, പെര്‍മിറ്റ്‌ റിന്യൂ ചെയ്തത് എന്നിവ ഒരൊറ്റ ഫയലായി പരിഗണിക്കുന്നതിന് പകരം, പരസ്പരം ലിങ്ക് ചെയ്യാതെ വെവ്വേറെ ഫയലായി കൈകാര്യം ചെയ്തും ശരിയായ വിധം ഫയല്‍ എഴുതാതെയും ബില്‍ഡര്‍ക്ക് നിയമലംഘനം തുടരാനും പെര്‍മിറ്റ്‌ പുതുക്കാനും അനുകൂല സാഹചര്യം ഉണ്ടാക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ടി ഫ്ലാറ്റിന് അനുമതി നല്‍കിയതില്‍ മുന്‍ സെക്രട്ടറി (ഇന്‍ചാര്‍ജ്) പി.പി. മോഹനന്റെ കാലത്ത് ആണ് ആദ്യം ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ടിയാന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ട് മുന്‍പ് ചട്ടം ലംഘിച്ച് നിരവധി കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയിരുന്നു. ആയത് സംബന്ധിച്ച് വിജിലന്‍സ് കേസും ഉള്ളതാണ്.

10. റിലീഫ്:  നിലവിലെ ക്രമക്കേടുകളിലും ഗൂഡാലോചനയിലും ഓവര്‍സിയര്‍ മുതല്‍ AEE വരെയുള്ളവര്‍ക്ക് വളരെ വ്യക്തമായ പങ്ക് ഉണ്ട്. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി, ടി ക്രമക്കേടുകള്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്നും തെറ്റായി നേടിയ പെര്‍മിറ്റ്‌ റദ്ദാക്കണമെന്നും വ്യാജ ഒപ്പിട്ട് പെര്‍മിറ്റ്‌ നേടിയ വിഷയത്തില്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനും ക്രമക്കേടുകള്‍ക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമം അനുശാസിക്കുന്ന എല്ലാവിധ മേല്‍നടപടികളും സ്വീകരിക്കണമെന്നും അങ്ങയുടെ ഓഫീസില്‍ മേലില്‍ സമര്‍പ്പിക്കപ്പെടുന്ന എല്ലാ നിര്‍ണായക രേഖകളിലേയും ഒപ്പുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും  താഴ്മയായി അപേക്ഷിക്കുന്നു.

                                         എന്ന് വിശ്വസ്തതയോടെ           
        
കോട്ടയം
02-12-2019      
                                       Mahesh Vijayan
                                       RTI & Human Rights Activist
Enclosure(s):

Exhibit P1 - ജിയോളജിസ്റ്റിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്.


Wednesday, 27 November 2019

ഫ്ലാറ്റ് നിര്‍മ്മാണം: പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്


കോട്ടയം പുത്തനങ്ങാടിയില്‍  ഫ്ലാറ്റ് നിര്‍മ്മിക്കാനായി അസ്സറ്റ്‌ ഹോംസ് മണ്ണെടുത്തത് മൂലം പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടപരിഹാരം നിര്‍ണയിക്കാനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ടെക്നിക്കല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി രൂപീകരിക്കാന്‍  ഹൈക്കോടതി ഉത്തരവിട്ടു.  രണ്ട് സാങ്കേതിക വിദഗ്ദ്ധരും നഗരസഭ സെക്രട്ടറിയും ജില്ലാ ടൌണ്‍ പ്ലാനറും ഉള്‍പ്പെടുന്ന നാലംഗ കമ്മിറ്റി രൂപീകരിച്ച് ഒരു മാസത്തിനകം തീരുമാനം എടുക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി മൂലം വീട് അപകടാവസ്ഥയിലായത് സംബന്ധിച്ച് പ്രദേശവാസിയായ അന്നമ്മ ചാക്കോ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് (WP(C).No.21157/2019) ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  അന്നമ്മ ചാക്കോ നല്‍കിയ പരാതിയില്‍, കോട്ടയം നഗരസഭ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുമായി തങ്ങള്‍ അതിര്‍ത്തി പങ്കിടുന്നില്ല എന്ന അസറ്റ് ഹോംസിന്റെയും വാദവും കോടതി തള്ളിക്കളഞ്ഞു.
ഫ്ലാറ്റുകളും വന്‍കിട കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കുമ്പോള്‍ മണ്ണെടുപ്പ്‌, പൈലിംഗ് എന്നിവ മൂലം സമീപത്തെ വീടുകള്‍ക്കും പുരയിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനായി, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ്, ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങളിലെ വിദഗ്ദ്ധരും അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കാനും മൂന്ന്‍ ആഴ്ചയ്ക്കകം പരിഹാരം കാണാനും  കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇന്നേവരെ ഈ ചട്ടം ആരും പാലിച്ചിരുന്നില്ല. തന്മൂലം, ഉയര്‍ന്ന തുക വക്കീല്‍ ഫീസയും കോര്‍ട്ട് ഫീ ആയും നല്‍കി കോടതികളെ ആശ്രയിക്കുക മാത്രമായിരുന്നു ഏക പോംവഴി. ഇത് ധനനഷ്ടം മാത്രമല്ല കാലതാമസവും ഉണ്ടാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.

ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ഇത് ബാധകമാണ്. ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ (KMBR 1999)  റൂള്‍ 11A ആണ് പറഞ്ഞിട്ടുള്ളത്‌. പഞ്ചായത്തില്‍, പഴയ ചട്ടങ്ങളില്‍ റൂള്‍ 12(3) ഉം 2019-ലെ പുതിയതില്‍ റൂള്‍ 10(12)-ലും ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.  ഇതനുസരിച്ച്, ബില്‍ഡിംഗ് പെര്‍മിറ്റ്‌ എടുത്തശേഷം,
ഖനനത്തിന്റെ ആഴവും നിലയും കാണിക്കുന്ന അളവോട് കൂടിയ പ്ലാനുകള്‍ സെക്ഷണല്‍ ഡ്രോയിംഗുകള്‍,  സംരക്ഷണ നടപടികളുടെ വിവരണങ്ങള്‍, കോളങ്ങള്‍, ബീമുകള്‍, സ്ലാബുകള്‍, പൈലുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഡ്രോയിംഗുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ എടുത്തശേഷം മാത്രമേ ഖനനം പാടുള്ളൂ.  എന്നാല്‍, മിക്കപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് പലരും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ തരപ്പെടുത്താറുള്ളതും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താറുള്ളതും. 

ഇത് സംബന്ധിച്ച് കൂടുതല്‍ നിയമവശങ്ങള്‍ അറിയുന്നതിന് രാവിലെ പത്ത് മണിക്ക് ശേഷം എന്നെ വിളിക്കാവുന്നതാണ്. നമ്പര്‍ 9342502698.

ടി ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണരൂപത്തിനും  ഓരോ ജില്ലയിലും ടെക്നിക്കല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി രൂപീകരിച്ച് കൊണ്ടുള്ള ലേറ്റസ്റ്റ് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://drive.google.com/drive/folders/1XjWlPRHyf_03ag38D9Seqn9IFRNlFxf9?usp=sharing

-മഹേഷ്‌ വിജയന്‍ (വിവരാവകാശ പ്രവര്‍ത്തകന്‍)

Saturday, 29 June 2019

റസിഡന്‍ഷ്യല്‍ സോണില്‍ അസറ്റ് ഹോംസ് നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ ബില്‍ഡിംഗ് നഗരസഭ പെര്‍മിറ്റ്‌ നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി.


ടൌണ്‍ പ്ലാനിംഗ് ആക്ടിന് വിരുദ്ധമായി റസിഡന്‍ഷ്യല്‍ സോണില്‍ അസറ്റ്  ഹോംസ് നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ ബില്‍ഡിംഗിന്  നഗരസഭ  പെര്‍മിറ്റ്‌  നല്‍കിയതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇന്ന് കോട്ടയം ജില്ലാ ടൌണ്‍ പ്ലാനര്‍ക്കും നഗരസഭയിലും ഞാന്‍ പരാതി നല്‍കി.


പൊതുജനങ്ങളുടെ അറിവിലേക്ക് കുറച്ച് കാര്യങ്ങള്‍ ആമുഖമായി പറയാം. നഗരസഭകളില്‍ വില്ലേജുകളിലെ ബ്ലോക്കുകളെ ടൌണ്‍ പ്ലാനിംഗ് ആക്റ്റ് പ്രകാരം റസിഡന്‍ഷ്യല്‍, കമേഴ്സ്യല്‍, ഇന്‍ഡസ്ട്രിയല്‍, ഹോസ്പിറ്റല്‍, മിക്സഡ്‌ തുടങ്ങിയ വിവിധ സോണുകളായി തിരിച്ചിട്ടുണ്ട്. ഇവയെ ടൌണ്‍ ബ്ലോക്ക്‌ എന്ന് പറയാം. ഇവിടെ അതാത് മേഖലകളില്‍ ആരംഭിക്കാന്‍ അനുവാദം ഉള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ  പെര്‍മിറ്റ്‌ നല്കാന്‍ പാടുള്ളൂ. ചില മേഖലകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രം മറ്റ് കെട്ടിടങ്ങള്‍ പണിയാന്‍ അനുവാദം ലഭിക്കാം. റസിഡന്‍ഷ്യല്‍ സോണില്‍, താമസക്കാരുടെ തന്നെ ഓഫീസ്, 100 Sq.M വരെയുള്ള കമേഴ്സ്യല്‍ കെട്ടിടങ്ങള്‍ മുതലായവ അനുവദിക്കുന്നതാണ്. എന്നാല്‍ കെട്ടിടം നിര്‍മിച്ച ശേഷം ടി മേഖലയില്‍ നിഷ്കര്‍ഷിക്കാത്ത മറ്റൊരു ഉപയോഗത്തിലേക്ക് ആയത് മാറ്റാന്‍ സാധിക്കില്ല. ജില്ലാ ടൌണ്‍ പ്ലാനറുടെ ഓഫീസില്‍ എല്ലാ ബുധനാഴ്ചകളിലും ഹെല്പ്ഡസ്ക് ഉണ്ട്. അന്ന്, അവിടെ ചെന്നാല്‍ ഉദ്യോഗസ്ഥര്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരും.

റസിഡന്‍ഷ്യല്‍ സോണില്‍ അനുവദനീയമായ സംഗതികള്‍

Residential zones
6.1 Uses permitted (1) :
All residences including Residential flats/Apartments and Residential uses incidental to other main uses, night shelters, orphanage/old age homes/ Dharmasala, Ashram/Mutts, professional offices and studios of the residents, Retail shops/ professional offices  commercial offices or establishments up to 200 sq.m, ATMs, restaurants/canteen upto 100 sq m, Day care & Crèches, nursery/ Kindergarten/Primary school, library and reading rooms, social welfare centres, clinics (out patient), diagnostic centers, community halls, clubs, parks and playgrounds incidental to the residential uses, public utility buildings such a water supply, drainage and electric installation of a minor nature and small service industries of a nonnuisance nature (Annexure I) engaging not more than 3 workers with power limited to 3 HP or 6 workers without power.

ചോദ്യം: എല്ലാ നഗരസഭകള്‍ക്കും ടൌണ്‍ പ്ലാനിംഗ് സ്കീം ബാധകമാണോ ?

ഉത്തരം നല്‍കിയിരിക്കുന്നത് ശ്രീ  Safeer S Karicode

അതാത് തദ്ധേശ സ്വയം സ്ഥാപനം തീരുമാനം എടുത്ത് സര്ക്കാറിനോട് ആവശ്യപ്പെടുന്നതിനനുസരിച്ചാണ്, മാസ്റ്റര് പ്ലാനുകളും, DTP സ്കീമുകളും തയ്യാറാക്കി , അതാത് ഭരണ സമിതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യുന്നത്. നിലവില് മിക്ക നഗരസഭകളിലും ഉണ്ടാകണം. അതാത് നഗരസഭയില് അന്വേഷിച്ചാല് കൃത്യമായി വിവരം ലഭിക്കും. 


അസ്സറ്റ്‌ ഹോംസുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ പരാതി ചുവടെ കൊടുക്കുന്നു.


From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com 
    Mo: +91 93425 02698

To
    District Town Planner
    Kottayam

Sir,
             വിഷയം: ടൌണ്‍ പ്ലാനിംഗ് സ്കീമിന് വിരുദ്ധമായി കോട്ടയം നഗരസഭ കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് പെര്‍മിറ്റ്‌  നല്‍കിയത് സംബന്ധിച്ച പരാതി.
             സൂചന:  1) Building Permit Number PW4-BA/144/16-17
            2) Town Planning Notification - G.O.P No. 219/2008/LSGD Dtd 4.08.2008 ; SRO No 1084/2008.
       
1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരസഭയില്‍  വാര്‍ഡ്‌ 23 -ല്‍, പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം, അബു. സി. എബ്രഹാം എന്ന വ്യക്തിയുടെ വസ്തുവില്‍ ടിയാനും അസറ്റ് ഹോംസും സംയുക്തമായി നിര്‍മ്മിക്കുന്ന കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ഹൈറൈസ് ബില്‍ഡിംഗിന് നഗരസഭ പെര്‍മിറ്റ്‌ നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഈ പരാതി ബോധിപ്പിക്കുന്നത്.
2. ടി നിര്‍മ്മാണാനുമതി നല്‍കിയ വസ്തു, പുത്തനങ്ങാടി - അറുത്തൂട്ടി റോഡില്‍ കോട്ടയം വില്ലേജില്‍ ബ്ലോക്ക് 134 - ല്‍ പെട്ട റീസര്‍വ്വേ 20, 20/3, 20/6, 20/7, 55 എന്നീ നമ്പരുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ടൌണ്‍ പ്ലാനിംഗ് ആക്റ്റ് പ്രകാരം ടി വസ്തു റസിഡന്‍ഷ്യല്‍ സോണില്‍ ഉള്‍പ്പെടുന്നു.  

3. ബ്ലോക്ക് നമ്പര്‍ 134 പൂര്‍ണമായും റസിഡന്‍ഷ്യല്‍ മേഖലയാണ്. റസിഡന്‍ഷ്യല്‍ സോണില്‍ നിയമാനുസൃതം അനുവദനീയമായിട്ടുള്ള, ഒന്നോ രണ്ടോ ഓഫീസുകളും കമേഴ്സ്യല്‍ സ്ഥാപനങ്ങളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ചതും  കോട്ടയം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ശാന്തമായ ഒരു മേഖലയാണിത്. തൊട്ടടുത്ത് സ്കൈലൈന്‍ ബില്‍ഡര്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്ലാറ്റും റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്.
4. സൂചന രണ്ടിലെ സോണല്‍ റഗുലേഷന്‍സിന് വിരുദ്ധമായാണ് ഇവിടെ 539.42 Sqm Mercantile / Commercial കെട്ടിട നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്.  നിര്‍ദ്ദിഷ്ട റോഡിന്റെ വീതി പന്ത്രണ്ട് മീറ്ററില്‍ കൂടുതലാണെങ്കില്‍, സോണല്‍ റഗുലേഷന്‍സിലെ അഡീഷണല്‍ പ്രൊവിഷന്‍സ് പ്രകാരം കമേഴ്സ്യല്‍ കെട്ടിടത്തിന് അനുവാദം കൊടുക്കാന്‍ സാധിക്കും എന്ന് പറഞ്ഞാണ് ഇപ്രകാരം അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍,  ഇതിനും വ്യവസ്ഥകള്‍ ഉണ്ട്. ടി വ്യവസ്ഥകള്‍ പാലിക്കാതെയാണ് ടി കമേഴ്സ്യല്‍ കെട്ടിടത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലകളില്‍ ഇപ്രകാരം അനുവാദം നല്‍കാന്‍ സാധിക്കില്ല എന്ന് സൂചന രണ്ടിലെ നോട്ടിഫിക്കേഷനിലെ ജനറല്‍ ഗൈഡ് ലൈന്‍സില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

"However such uses may not be permitted in the residential zone if the area is substantially developed as a residential area.

(ii) In residential zones if the area is substantially developed as residential, the zoning regulation spelt out in the scheme shall continue."

5. ടി പെര്‍മിറ്റിന്റെ കാലാവധി 20.07.2019 - ല്‍ അവസാനിക്കുകയാണ്. പ്ലോട്ട് സ്ഥിതി ചെയ്യുന്ന ബ്ലോക്ക് നമ്പര്‍ 134 ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലയാണോ എന്നും ഇവിടെ എത്ര കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് കൊടുത്തിട്ടുണ്ട് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ടൌണ്‍ പ്ലാനര്‍ അടിയന്തിരമായി പരിശോധിച്ച്, നിയമാനുസൃതമായ നടപടികള്‍  സ്വീകരിക്കണമെന്നും ഇവിടം  റസിഡന്‍ഷ്യല്‍ മേഖലയായി തന്നെ നിലനിര്‍ത്തണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                                                എന്ന് വിശ്വസ്തതയോടെ            
         
കോട്ടയം
29-06-2019       
                                                                                    Mahesh Vijayan
                                                                                   RTI & Human Rights Activist

Wednesday, 26 June 2019

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം അപകടാവസ്ഥ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

അധികാരികളുടെ സ്റ്റോപ്പ് മെമ്മോകള്‍ ലംഘിച്ച് അസറ്റ് ഹോംസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അറിവിലേക്ക് ചില കാര്യങ്ങള്‍ പങ്ക് വെയ്ക്കുന്നു. 26.06.19-ല്‍ എടുത്ത നിര്‍മ്മാണ വീഡിയോയും അവസാനത്തെ സ്റ്റോപ്പ് മെമ്മോയുമാണ് ഇതോടൊപ്പമുള്ളത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്റ്റോപ്പ് ചെയ്ത് കോട്ടയം നഗരസഭ ആദ്യ നോട്ടീസ് നല്‍കുന്നത് 2017 - ലാണ് ; പക്ഷെ, നിര്‍മ്മാണം ഇപ്പോഴും നിര്‍ബാധം തുടര്‍ന്നു. പരാതിയുമായി വീണ്ടും നാട്ടുകാര്‍ സമീപിക്കുമ്പോള്‍ വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കും. നഗരസഭയുടെ ഉത്തരവാദിത്വം കഴിഞ്ഞു. പാവപ്പെട്ടവന്‍ രണ്ട് സെന്റ്‌ സ്ഥലത്ത് ഒരു വീട് വെക്കുമ്പോള്‍ രണ്ട് സെന്റി മീറ്റര്‍ അത് തള്ളി നിന്നാല്‍ കാണാം നഗരസഭയുടെ ശുഷ്കാന്തി.


കോട്ടയത്ത് മാത്രമല്ല, മിക്ക നഗരസഭയിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഒരു കാര്യം ജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്, എവിടെയേലും നിര്‍മ്മാണ പ്രവൃത്തി മൂലം അപകടാവസ്ഥ ഉണ്ടായാല്‍, ആയത് പരിഹരിക്കാതെ യാതൊരു കാരണവശാലും നിര്‍മ്മാണം തുടരാന്‍ അനുവദിക്കരുത്. മൈനിംഗ് നടക്കുമ്പോള്‍ തന്നെ എത്രയും വേഗം കോടതിയേയോ ട്രിബ്യൂണലിനേയോ സമീപിച്ച് മൈനിംഗിന് സ്റ്റേ വാങ്ങേണ്ടതാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ പാതി വഴിയിലെത്തിയാല്‍ പിന്നെ സ്റ്റേ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. ബില്‍ഡര്‍ മുടക്കിയ തുകയുടെ കണക്കുകള്‍ കോടതിയില്‍ നിരത്തി, നിര്‍മ്മാണാനുമതി സ്വന്തമാക്കും.

പലപ്പോഴും റീട്ടെയിനിംഗ് വാള്‍ കെട്ടിത്തരാമെന്ന്, നാട്ടുകാരെ ബില്‍ഡര്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും നാട്ടുകാരെ വിശ്വാസത്തില്‍ എടുക്കാനായി ചിലപ്പോള്‍ എഗ്രിമെന്റ് വെക്കുക വരെ ചെയ്യും. ഇതൊക്കെ വിശ്വസിച്ച് ആരും പരാതിയുമായി മുന്നോട്ട് പോകില്ല. ഒടുവില്‍ ബില്‍ഡര്‍ ഒന്നും ചെയ്യില്ല എന്ന് ഉറപ്പാകുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. കോടതിയെ സമീപിക്കുമ്പോള്‍ കാലതാമസം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് ഓര്‍ക്കുമല്ലോ. ഒരു കാരണവശാലും ബില്‍ഡറുടെ വാക്ക് വിശ്വസിച്ച് നിര്‍മ്മാണം പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാതെ, എത്രയും വേഗം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് ചെയ്യേണ്ടത്.  ഇത് സംബന്ധിച്ച്, കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ പതിനൊന്ന് മണിക്ക് ശേഷം എന്നെ വിളിക്കാവുന്നതാണ്. മൊ:  9342502698. - മഹേഷ്‌ വിജയന്‍.