Thursday, 12 August 2021

ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല; അസറ്റ് ഹോംസിന് തിരിച്ചടി

കോട്ടയം പുത്തനങ്ങാടിയിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന് പ്രൊവിഷണല്‍ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന അസറ്റ് ഹോംസിന്റെ ആവശ്യം ബഹു. ഹൈക്കോടതി നിരസിച്ചു.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും കോട്ടയം നഗരസഭ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കാണിച്ചാണ് അസറ്റ് ഹോംസ് ഹൈക്കോടതിയെ സമീപിച്ചത്. നിര്‍മ്മാണത്തില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ജസ്റ്റിസ് എൻ. നാഗരേഷ് ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വിസമ്മതിച്ചത്.  

ഫ്ലാറ്റ് നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ പലരുടേയും വീടിനും പുരയിടത്തിനും അപകടാവസ്ഥ ഉണ്ടാകുകയും പലര്‍ക്കും വീടും സ്ഥലവും ഉപേക്ഷിച്ച് പോകേണ്ടി വരികയും ചെയ്തിരുന്നു. ഫ്ലാറ്റ് നിര്‍മ്മാണം അനധികൃതമാണെന്നും ആയത് പൊളിച്ച് നീക്കണമെന്നും കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം  തടഞ്ഞ് ഹൈക്കോടതി  നേരത്തെ ഉത്തരവാകുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് വരെ ലംഘിച്ചാണ് അസറ്റ് ഹോംസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നഗരസഭയില്‍ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. പ്ലോട്ടിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടിയ ശേഷം മാത്രമേ ഒക്കുപ്പന്‍സിക്കുള്ള ആവശ്യം  പരിഗണിക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ ബില്‍ഡറുടെ ആവശ്യം നിരസിച്ചത്.

നഗരസഭ ഒക്കുപ്പന്‍സി നല്കാത്തത് ഫ്ലാറ്റ് വാങ്ങിയ അറുപതോളം കുടുംബങ്ങളെ സാരമായി ബാധിച്ചു എന്നും ഓണത്തിന് ഫ്ലാറ്റ് കൈമാറാന്‍ അവസരം ഉണ്ടാക്കണമെന്നും അസറ്റ് ഹോംസ് വാദിച്ചു എങ്കിലും നിര്‍മ്മാണത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട പ്രദേശവാസികള്‍ക്ക് സംരക്ഷണഭിത്തി കെട്ടി കൊടുക്കണമെന്ന ആവശ്യത്തിനാണ് കോടതി പ്രഥമപരിഗണന നല്കിയത്.  ഓണത്തിന് ശേഷം കേസില്‍  വിശദമായ വാദം കേള്‍ക്കും.  

നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്ന്  പ്രദേശവാസികളായ എം.പി. ജോസഫ്, കെ. റ്റി. തോമസ്‌ എന്നിവരാണ് അഡ്വ. ജോമി കെ ജോസ്  മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. . അസറ്റ് ഹോംസിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ നാല് വര്‍ഷമായി നിയമയുദ്ധം നടത്തുന്ന 75 വയസ്സുള്ള എം. പി. ജോസഫ്  ഹൈക്കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ആവശ്യമെങ്കില്‍ സുപ്രീംകോടതി വരേയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

5 comments:

  1. I believe that the high court ruled justly!
    The buildings were constructed without providing proper guaranty of safety to the neighbors!
    This has started out by leveling the hill in a way that endangered the neighbors to the west of this piece of land
    Justice has prevailed! 🙏🏼👍

    ReplyDelete
  2. Hope the people who lost their homes get justice and fair reward for their loss

    ReplyDelete
  3. സമ്പന്നതയുടെയും അഴിമതിയുടേയും ചിറകിലേറിയ അഹങ്കാരത്തിന് കിട്ടിയ ആദ്യത്തെ പ്രഹരമായിരുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കലിൽ നാം കണ്ടത്. ജസ്റ്റീസ് അരുൺ മിശ്രയുടെ അപഥസഞ്ചാരത്തിലൂടെ നീതിന്യായവ്യവസ്ഥയ്ക്ക് ലഭിച്ച ആ കനൽ ഇടയ്ക്കെങ്കിലും കത്തിത്തെളിയുന്നത് പ്രകൃതിയ്ക്കും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കും, അതിലുപരി സാധാരണക്കാരനും ഒരാശ്വാസമാണ്. ആ ഒരാശ്വാസമാണ് ഈ വിധിയിലും നമുക്ക് ലഭിയ്ക്കുന്നത്. Well done Keep it up.

    ReplyDelete