Wednesday, 26 June 2019

കോട്ടയത്ത് അസറ്റ് ഹോംസ് നടത്തി കൊണ്ടിരിക്കുന്ന അനധികൃത ഖനനവും നിര്‍മ്മാണ പ്രവര്‍ത്തനവും


കോട്ടയം കഞ്ഞിക്കുഴിയിലെ സ്കൈലൈനിന് ശേഷം ഞാന്‍ ഏറ്റെടുത്ത അടുത്ത വിഷയമാണ് പുത്തനങ്ങാടിയില്‍ അസറ്റ് ഹോംസ് നടത്തി കൊണ്ടിരിക്കുന്ന അനധികൃത ഖനനവും നിര്‍മ്മാണ പ്രവര്‍ത്തനവും. ഒരു മല തന്നെ തുരന്നാണ് അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം നടക്കുന്നത്. ഇതേ തുടര്‍ന്ന് അഞ്ച് വീടുകളാണ് അപകടാവസ്ഥയിലായത്. മൂന്ന് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് വാടകയ്ക്ക് പോയി. ചിത്രത്തില്‍ കാണുന്ന ഇരുനില വീടിന്റെ വാര്‍ക്കയിലും ഭിത്തിയിലും വീണ വിള്ളലുകള്‍ ഓരോ ദിനവും വലുതായി കൊണ്ടിരിക്കുന്നു. റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് കൊടുത്തശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂ എന്ന നഗരസഭയുടെയും സബ്കളക്ടറുടെയും നിരവധി ഉത്തരവുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ്‌ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും ഇപ്പോഴും തുടരുന്നത്. ഇതിന് നഗരസഭ എന്‍ജിനീയര്‍മാര്‍ ഒത്താശ ചെയ്യുന്നു. മതിയായ സെറ്റ്ബാക്ക് ഇല്ലാതെ മണ്ണെടുത്തതും പൈലിംഗും മൂലമാണ് സമീപത്തെ വീടുകളും പുരയിടങ്ങളും അപകടത്തിലായത്. കിണറുകളില്‍ വെള്ളം കിട്ടാതെയായി. ജിയോളജിയുടെ അനുവാദം ഇല്ലാതെ ഇവിടെ നിന്നും മണ്ണ് പുറത്തേക്ക് കടത്താന്‍ നടത്തിയ ശ്രമം റവന്യൂ, പോലീസ് അധികാരികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. അസറ്റ് ഹോംസിന് നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയതിലും ക്രമക്കേടുകള്‍ ഉണ്ട്. പക്കാ റസിഡന്‍ഷ്യല്‍ സോണ്‍ ആയ ഇവിടെ കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് അനുവാദം കൊടുത്തതും പെര്‍മിറ്റില്‍ നിന്നും വ്യതി ചലിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാത്തതും നഗരസഭയുടെ ഗുരുതരമായ വീഴ്ചയാണ്. മഴ കനത്താല്‍ ഇവിടെ ഒരു ദുരന്തം ഉണ്ടാകാന്‍ ഉള്ള സാധ്യത നില നില്‍ക്കുന്നു.

1 comment: